തിരുവനന്തപുരം ∙ ആഭ്യന്തര വകുപ്പ് കൈവശമില്ലെന്ന നഷ്ടം ഒരുവശത്ത്; ധനവകുപ്പ് കൈകാര്യം ചെയ്യുക എന്ന വലിയ ഉത്തരവാദിത്തം മറുവശത്ത്. ഈ വെല്ലുവിളികൾ ഒരേസമയം മുഖ്യമന്ത്രി വി.ഡി.സതീശൻ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇനിയുള്ള ദിവസങ്ങളിൽ കാണാം.
എല്ലാക്കാലത്തും മുഖ്യമന്ത്രിമാർ കൈവശം വയ്ക്കാനാഗ്രഹിക്കുന്ന വകുപ്പാണ് ആഭ്യന്തരവും വിജിലൻസും. കേരളത്തിൽ എവിടെ, എന്തു സംഭവിക്കുന്നു എന്നു കൃത്യമായി അപ്പപ്പോൾ വിവരം കിട്ടുമെന്നതാണ് ആഭ്യന്തര വകുപ്പ് കൈവശംവച്ചാലുള്ള ഗുണം. ക്രിമിനൽ, വിജിലൻസ് കേസുകളിൽ ഇടപെടാനും കഴിയും. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഒരു ഡസനിലേറെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ ആലോചിക്കുന്നതിനാൽ വലിയ പ്രാധാന്യമാണ് ഇനി വിജിലൻസ് വകുപ്പിനു വരാൻ പോകുന്നത്.
മന്ത്രിമാർ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപു മുഖ്യമന്ത്രിയെ അറിയിക്കണമെന്നാണു റൂൾസ് ഓഫ് ബിസിനസിൽ പറയുന്നത്. എന്നാൽ, ഇതു ഫലപ്രദമായി നടക്കാറില്ല. കഴിഞ്ഞ 10 വർഷം വകുപ്പുകളുടെ മിക്ക സുപ്രധാന കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുമായിരുന്നു. അധികാരത്തിന്റെ കേന്ദ്രം അദ്ദേഹത്തിന്റെ ഓഫിസായിരുന്നു. എന്നാൽ, ആഭ്യന്തരം മുഖ്യമന്ത്രിക്കു കീഴിൽ അല്ലാത്തതിനാൽ ഇനി രീതികളിൽ മാറ്റം വരും.
സാമ്പത്തികമായി ഏറെ പ്രയാസം നേരിടുന്ന സമയത്ത് ധനവകുപ്പ് കൈകാര്യം ചെയ്യേണ്ടി വരുന്നുവെന്ന വലിയ വെല്ലുവിളിയും മുഖ്യമന്ത്രിക്കു മുന്നിലുണ്ട്. അടുത്ത മാസം അഞ്ചിനു സംസ്ഥാന ബജറ്റ് അവതരിപ്പിക്കേണ്ട ചുമതലയും മുഖ്യമന്ത്രിക്കാണ്. ബജറ്റിൽ ഒരു മന്ത്രി പുലർത്തുന്ന ശ്രദ്ധ ഉറപ്പാക്കുക മുഖ്യമന്ത്രിക്കു വലിയ വെല്ലുവിളിയാണ്. എന്നാൽ, താരതമ്യേന പ്രായക്കുറവും ഓർമശക്തിയുമാണ് സതീശന്റെ അനുകൂലഘടകങ്ങൾ. ബജറ്റിന്റെ പണിപ്പുരയിലേക്കു മുഖ്യമന്ത്രി കടന്നുകഴിഞ്ഞു. പുതുയുഗ യാത്രയ്ക്കിടെ ലഭിച്ച ഒട്ടേറെ നിർദേശങ്ങൾ ബജറ്റിൽ കടന്നുവരും. ഇന്ധനവില കുറയ്ക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.