അജ്ഞാത നമ്പറിൽ നിന്ന് വന്ന ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്തതിന് പിന്നാലെ കൊച്ചി മരട് സ്വദേശിയായ സ്കൂൾ ഡ്രൈവർ മാർട്ടിന് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് മൂന്ന് ലക്ഷത്തോളം രൂപ. കുടുംബത്തിന് ഒരു അധിക വരുമാനത്തിനായി വണ്ടി വാങ്ങാൻ സ്വർണം പണയം വെച്ചും ലോണെടുത്തും ബാങ്കിൽ സൂക്ഷിച്ചിരുന്ന പണമാണ് സൈബർ തട്ടിപ്പുകാർ നിമിഷങ്ങൾക്കകം അപഹരിച്ചത്.
വാഹനം വാങ്ങാനായി ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിലാണ് മാർട്ടിന് ഫോൺ കോൾ വരുന്നത്. കോൾ എടുത്തപ്പോൾ മറുപുറത്ത് നിന്ന് ആരും സംസാരിക്കാത്തതിനെ തുടർന്ന് അദ്ദേഹം ഫോൺ കട്ട് ചെയ്തു. എന്നാൽ അഞ്ച് മിനിറ്റിനകം ഫോണിലേക്ക് തുടർച്ചയായി ഒടിപി (OTP) സന്ദേശങ്ങൾ വരികയും ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ നിന്ന് പല തവണകളായി പണം പിൻവലിക്കപ്പെടുകയുമായിരുന്നു. ആദ്യം 1.06 ലക്ഷം രൂപയും പിന്നീട് 65,000, 25,000, 54,000 എന്നിങ്ങനെ പത്തോളം തവണകളായാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത്.
തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടയുടൻ മകന്റെ സഹായത്തോടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ഭാര്യ സൈബർ സെല്ലിലും പൊലീസിലും പരാതി നൽകുകയും ചെയ്തു. നിലവിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പുകാർ ആദ്യം ആക്സിസ് ബാങ്കിലേക്കാണ് പണം മാറ്റിയതെന്നും അവിടെ നിന്ന് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ, വാടക, പെട്രോൾ പമ്പ് ബില്ലുകൾ എന്നിവയ്ക്കായി പണം പലവഴിക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിലെ വണ്ടിയുമായി ബന്ധപ്പെട്ട് ഒഎൽഎക്സ് (OLX) വഴി ചിലരെ ബന്ധപ്പെട്ടിരുന്നതായും ഇതിലൂടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാകാം എന്നുമാണ് പോലീസ് സംശയിക്കുന്നത്.