സംസ്ഥാനത്ത് ആദ്യമായി ഇസ്ലാമിക നിയമപ്രകാരം പ്രവർത്തിക്കുന്ന ജിം എന്ന പേരിൽ പാലക്കാട് പുതുനഗരത്തിൽ നിന്നുള്ള ഒരു പരസ്യം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം, പാട്ട് ഒഴിവാക്കൽ, ശരീരം പൂർണ്ണമായി മറച്ചുകൊണ്ടുള്ള പരിശീലനം എന്നിവയാണ് ഈ ജിമ്മിന്റെ പ്രധാന സവിശേഷതകളായി ഉടമ അവകാശപ്പെടുന്നത്.
പാലക്കാട് പുതുനഗരത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന ഒരു ജിം നവീകരിച്ചാണ് ഇത്തരമൊരു രീതിയിലേക്ക് മാറ്റുന്നതെന്ന് ഉടമ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. ഇസ്ലാമിക നിയമപ്രകാരം നിർദ്ദേശിക്കുന്ന രീതിയിൽ ശരീരം മറച്ചുകൊണ്ടുള്ള വസ്ത്രം ധരിച്ചവർക്ക് മാത്രമേ ഇവിടെ പരിശീലനത്തിന് അനുവാദം നൽകുകയുള്ളൂ. സ്ത്രീകളും പുരുഷന്മാരും തമ്മിൽ ഇടകലർന്നുള്ള പരിശീലനം ഇവിടെ ഉണ്ടാകില്ലെന്നും ഉടമ അറിയിച്ചിട്ടുണ്ട്.
ഒരു മതത്തിന്റെ നിയമങ്ങൾ അനുസരിച്ച് ജിം പ്രവർത്തിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. എന്നാൽ, ഈ ജിമ്മിൽ എല്ലാ മതസ്ഥർക്കും പ്രവേശനം ഉണ്ടായിരിക്കുമെന്നും മതത്തിന്റെ പേരിൽ ആരെയും വേർതിരിക്കില്ലെന്നും ഉടമ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ തന്നെ ഈ ജിമ്മിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.