കേരളത്തിൽ ഇരട്ട ന്യൂനമർദ്ധപാതയുടെ സ്വാധീനഫലമായി ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം.
ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കിഴക്കൻ ഉത്തർപ്രദേശിൽ നിന്ന് തുടങ്ങി മധ്യ മഹാരാഷ്ട്ര, മറാത്വാട, കർണാടക, കേരളം എന്നിവയിലൂടെ ലക്ഷദ്വീപ് വരെ നീളുന്നതാണ് ഒരു ന്യൂനമർദ്ദപാത്തി. തെക്കൻ ലക്ഷദ്വീപിനോട് ചേർന്നുള്ള അറബിക്കടലിൽ നിന്ന് തുടങ്ങി കേരളം, തെക്കൻ കർണാടക, റായലസീമ എന്നിവയിലൂടെ തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് മുകളിലുള്ള ചക്രവാതചുഴി വരെ നീളുന്നതാണ് മറ്റൊരു ന്യൂനമർദ്ദപ്പാത്തി.
കാലവർഷം കേരളത്തിൽ മെയ് 26 ഓടുകൂടി എത്താൻ സാധ്യതയുണ്ട്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം. വലിയൊരു ചൂടിന് ആശ്വാസമായാണ് ഈ മഴ എത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ ഉച്ചക്ക് ശേഷം അതിശക്തമായ മഴയാണ് ലഭിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.