സംസ്ഥാനത്തെ സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന കെഎസ്ആർടിസി വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. ദീർഘദൂര സർവീസുകളിൽ കൂടി സൗജന്യ നിരക്ക് ഏർപ്പെടുത്തിയാൽ കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് സമിതി ചൂണ്ടിക്കാണിക്കുന്നു.
പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം സർക്കാർ പൂർണ്ണമായും മുൻകൂറായി കെഎസ്ആർടിസിക്ക് നൽകും. ഇതിനായി പ്രതിമാസം 90 മുതൽ 100 കോടി രൂപ വരെ അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാൽ പ്രതിദിനം 90 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും.
അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട്, തെലങ്കാന എന്നിവടങ്ങളിലെ മാതൃകയിലാണ് യുഡിഎഫ് സർക്കാർ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. അതേസമയം, മലബാർ മേഖലയിൽ കെഎസ്ആർടിസി സൗകര്യങ്ങൾ പരിമിതമായതിനാൽ വടക്കൻ ജില്ലകളിൽ കൂടുതൽ ഡിപ്പോകൾ ആരംഭിക്കണമെന്ന് വി.ടി. ബൽറാം എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ മലബാറിലെ സ്ത്രീകൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം പൂർണ്ണമായി ലഭ്യമാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.