Thanks for watching! Content unlocked for this session.

കേരളത്തിൽ കാലവർഷം എത്തി; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, കനത്ത ജാഗ്രത

സംസ്ഥാനത്ത് മൂന്ന് ദിവസം വൈകി തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷം എത്തിയതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ സാധാരണയേക്കാൾ മഴ കുറയാനാണ് സാധ്യതയെങ്കിലും നിലവിൽ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

തെക്കുകിഴക്കൻ അറബിക്കടലിൽ കാർമേഘങ്ങളുടെ സാന്നിധ്യം വർദ്ധിച്ചതും പടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 20 മുതൽ 25 നോട്സ് വരെ ഉയർന്നതുമുൾപ്പെടെയുള്ള അന്തരീക്ഷ മാറ്റങ്ങൾ വിലയിരുത്തിയാണ് കാലവർഷം എത്തിയതായി സ്ഥിരീകരിച്ചത്. തെക്കൻ കേരള തീരത്തിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയും മഴ ശക്തമാക്കാൻ കാരണമാകുന്നുണ്ട്. വരും ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിൽ താമസിക്കുന്നവരും നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും ഉള്ളവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള കർശന വിലക്ക് തുടരുകയാണ്. രാത്രികാലങ്ങളിലെ യാത്രാദുരിതവും അപകടസാധ്യതയും ഒഴിവാക്കാൻ പകൽ സമയത്ത് തന്നെ ആളുകൾ ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്.