മുൻ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്ത സിൽവർ ലൈൻ പദ്ധതിക്ക് പകരമായി കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ പുതിയ അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ് സർക്കാർ ഒരുങ്ങുന്നു. അധികാരമേറ്റയുടൻ സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെയാണ് ഇപ്പോൾ പുതിയ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് വരുന്നത്.
കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ നീളുന്ന ഈ അതിവേഗ റെയിൽ പാത യാഥാർത്ഥ്യമായാൽ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള യാത്രാസമയം മൂന്നര മണിക്കൂറായി കുറയും. 12 ബോഗികളുള്ള ട്രെയിനിൽ ഒരേസമയം 800 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ, മുൻപ് സിൽവർ ലൈൻ പദ്ധതിയെ ശക്തമായി എതിർത്ത് മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞ യുഡിഎഫ് തന്നെ പുതിയ പദ്ധതി കൊണ്ടുവരുന്നതിനെതിരെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തിന്റെ വികസനത്തിന് തറക്കല്ലിടുമായിരുന്ന സിൽവർ ലൈൻ ഇല്ലാതാക്കിയതിന് യുഡിഎഫ് ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. എങ്കിലും പ്രതിപക്ഷത്തായതിന്റെ പേരിൽ രാഷ്ട്രീയ കാരണങ്ങളാൽ പുതിയ പദ്ധതിയെ എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പദ്ധതി പരിസ്ഥിതിക്കും ജനങ്ങൾക്കും ദോഷമുണ്ടാക്കുമോ എന്ന് കൃത്യമായി പഠിക്കണമെന്ന് കെ-റെയിൽ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. നിലവിലുള്ള റെയിൽ പാത ഇരട്ടിപ്പിക്കുന്നതാണ് പ്രായോഗികമെന്ന മെട്രോമാൻ ഇ. ശ്രീധരന്റെ നിർദ്ദേശവും സമിതി ചൂണ്ടിക്കാണിക്കുന്നു.