Thanks for watching! Content unlocked for this session.

കേരളത്തിൽ ജൂൺ 5 മുതൽ പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ പ്രാബല്യത്തിൽ

കേരളത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും ജൂൺ 5 മുതൽ മാലിന്യങ്ങൾ നാലായി തരംതിരിച്ച് നൽകുന്നത് നിർബന്ധമാക്കി. കേന്ദ്ര സർക്കാരിന്റെ പരിഷ്കരിച്ച ഖരമാലിന്യ സംസ്കരണ ചട്ടങ്ങളുടെയും സുപ്രീംകോടതി മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്. നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതുവരെ ജൈവ, അജൈവ, സാനിറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മാലിന്യങ്ങൾ ശേഖരിച്ചിരുന്നതെങ്കിൽ, ഇനി മുതൽ തടി, ചിരട്ട, ഇ-വേസ്റ്റ്, ബയോമെഡിക്കൽ അവശിഷ്ടങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ അപകടകരമായ വസ്തുക്കളെ നാലാമതൊരു വിഭാഗമായി മാറ്റി പ്രത്യേകം സംസ്കരിക്കണം. ഈ പുതിയ മാറ്റത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ‘നല്ല നാല് വർത്തമാനം’ എന്ന ക്യാമ്പയിൻ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കും.

പുതിയ നിയമപ്രകാരം നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പൊതുപരിപാടികൾ നടത്തുന്നതിന് മൂന്ന് പ്രവൃത്തി ദിവസങ്ങൾക്ക് മുൻപ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് രേഖാമൂലം അനുമതി വാങ്ങിയിരിക്കണം. 20,000 ചതുരസ്ര മീറ്ററോ അതിൽ കൂടുതലോ തറവിസ്തീർണ്ണമുള്ള കെട്ടിടങ്ങളും വലിയ തോതിൽ മാലിന്യങ്ങൾ പുറന്തള്ളുന്നവരും കേന്ദ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യ സംസ്കരണം ഉറപ്പാക്കേണ്ടതുണ്ട്. തെരുവ് കച്ചവടക്കാരും ഭക്ഷണാവശിഷ്ടങ്ങളും ഡിസ്പോസബിൾ വസ്തുക്കളും ശേഖരിക്കാൻ പ്രത്യേക കണ്ടെയ്നറുകൾ സൂക്ഷിക്കണം; അല്ലാത്തപക്ഷം ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും.