Thanks for watching! Content unlocked for this session.

മന്ത്രിമാരുടെ വകുപ്പുവിഭജന തർക്കത്തിന് പരിഹാരമായില്ല; ചർച്ചകൾ തുടരുന്നു

വിഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരമായില്ല. പ്രധാനപ്പെട്ട പല വകുപ്പുകളിലും മന്ത്രിമാർ മാറ്റം ആവശ്യപ്പെട്ടതോടെ ചർച്ചകൾ നീണ്ടുപോകുകയാണ്.

കെസി വേണുഗോപാൽ പക്ഷത്തു നിന്നുള്ള മന്ത്രി അനിൽകുമാറിന് വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പ് കൂടി നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് സജീവം. അതേസമയം, ദേവസ്വം വകുപ്പ് വിട്ടുകൊടുക്കുന്നതിനു പകരമായി കെ മുരളീധരന് ആരോഗ്യ വകുപ്പിനൊപ്പം സ്പോർട്സ് വകുപ്പ് കൂടി നൽകി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് നേതൃത്വത്തിൽ സജീവമാണ്.

ഏറ്റവും വലിയ പ്രതിസന്ധി ഫിഷറീസ് വകുപ്പിനെ ചൊല്ലിയാണ്. മുസ്ലിം ലീഗിന് ഫിഷറീസ് വകുപ്പ് നൽകാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിൽ ഒരു വിഭാഗവും ലത്തീൻ കത്തോലിക്ക സഭയും ശക്തമായ വിയോജിപ്പുമായി രംഗത്തെത്തി. ഫിഷറീസ് വകുപ്പ് ലഭിച്ചാൽ മാത്രമേ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് കൈമാറാൻ തയ്യാറാവൂ എന്ന നിലപാടിലാണ് ലീഗ്.

മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ലത്തീൻ അതിരൂപത ആസ്ഥാനത്തെത്തി സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ഫിഷറീസ് വകുപ്പിന്റെ കാര്യത്തിൽ തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് സഭ വ്യക്തമാക്കി. കടലിനെയും തീരദേശത്തെയും അറിയുന്ന, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന ആൾ തന്നെ ഫിഷറീസ് മന്ത്രിയായി വരണമെന്നാണ് സഭയുടെ നിലപാട്.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ 11 ദിവസമെടുത്ത ഹൈക്കമാൻഡ് ഇപ്പോൾ വകുപ്പ് വിഭജന തർക്കം പരിഹരിക്കാനുള്ള സമ്മർദ്ദത്തിലാണ്. പല വകുപ്പുകളിലും ഭരണസ്തംഭനം ഉണ്ടാകാതിരിക്കാൻ അടിയന്തരമായി തീരുമാനമെടുക്കേണ്ടതുണ്ട്.