കേരളത്തിലെ സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ സമയത്ത് മൂന്ന് ദിവസത്തെ അവധി നൽകുമെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ, സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യവുമായി പൊതുജനം രംഗത്ത്. കേവലം അവധി പ്രഖ്യാപിച്ച് സർക്കാർ കൈയൊഴിയുകയല്ല വേണ്ടതെന്നും, പെൺകുട്ടികൾക്ക് സ്കൂളുകളിൽ സുരക്ഷിതമായി ഇരിക്കാനുള്ള സാഹചര്യമാണ് ആദ്യം ഒരുക്കേണ്ടതെന്നും വിദ്യാർത്ഥിനികളും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു.
പല സർക്കാർ സ്കൂളുകളിലും ഉപയോഗിച്ച പാഡുകൾ സംസ്കരിക്കാനുള്ള കൃത്യമായ സംവിധാനങ്ങളോ വൃത്തിയുള്ള ശുചിമുറികളോ ആവശ്യത്തിന് വെള്ളമോ ഇല്ലെന്നാണ് പ്രധാന പരാതി. ചില സ്കൂളുകളിൽ ഉപയോഗിച്ച പാഡുകൾ തിരികെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥയുണ്ടെന്നും, സ്കൂളുകളിലെ ഫസ്റ്റ് എയ്ഡ് കിറ്റുകളിൽ സൗജന്യമായി പാഡുകൾ ലഭ്യമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
സ്കൂൾ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും വർഷാവർഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് പോലെ പെൺകുട്ടികൾക്കുള്ള ശുചിമുറി സൗകര്യങ്ങൾക്കും കൃത്യമായ പരിശോധന ഉറപ്പാക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു. പരീക്ഷാ സമയങ്ങളിൽ അവധി പ്രായോഗികമല്ലാത്തതിനാൽ, സ്കൂളുകളിൽ തന്നെ മികച്ചതും വൃത്തിയുള്ളതുമായ സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്.