Thanks for watching! Content unlocked for this session.

സിൽവർലൈൻ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കാൻ റവന്യൂ വകുപ്പിന് നിർദേശം

തിരുവനന്തപുരം: സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി.സതീശൻ. മന്ത്രിസഭാ സമ്മേളനത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം റദ്ദാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന കേസുകൾ പിൻവലിക്കുന്നതു സംബന്ധിച്ചു ആഭ്യന്തരവകുപ്പ് പരിശോധന നടത്തി ശുപാർശ നൽകും. സിൽവർലൈൻ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിനു നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിൽവർലൈൻ പദ്ധതി ജനങ്ങൾക്കുണ്ടാക്കുന്ന പ്രയാസം നേരിട്ടു മനസ്സിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. “പദ്ധതി നടക്കുന്നില്ലെന്ന് മാത്രമല്ല, പദ്ധതി ഉപേക്ഷിച്ചിട്ടുമില്ല. നിരവധി വർഷങ്ങളായി ഈ ഭൂമി വാങ്ങാനോ വിൽക്കാനോ സാധാരണക്കാർക്കു സാധിക്കുന്നില്ല. സിൽവർലൈനിനെ എതിർത്ത് ഞങ്ങൾ സമരം ചെയ്തതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാന തീരുമാനം. സാമ്പത്തികവും പാരിസ്ഥിതികവുമായി കേരളത്തെ തകർക്കാത്ത ഹൈസ്പീഡ് റെയിൽവെ പദ്ധതിക്ക് സർക്കാർ എതിരല്ല. അക്കാര്യങ്ങൾ പിന്നീട് വിശദീകരിക്കും.” – വി.ഡി. സതീശൻ പറഞ്ഞു.

സിൽവർലൈനിനു വേണ്ടി മഞ്ഞക്കുറ്റി സ്ഥാപിച്ച സ്ഥലങ്ങളിലെ ആളുകൾക്ക് അതു വിൽക്കാനോ പണയപ്പെടുത്താനോ പറ്റാത്ത പ്രതിസന്ധി വർഷങ്ങളായി നിലനിന്നിരുന്നു. പദ്ധതി ഉപേക്ഷിച്ച മട്ടായിട്ടും വിജ്ഞാപനം റദ്ദാക്കിയിരുന്നില്ല. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുമ്പോട്ടുപോകാമെന്ന തീരുമാനത്തിലായിരുന്നു പിണറായി സർക്കാർ. ഇതാണിപ്പോൾ യുഡിഎഫ് സർക്കാർ റദ്ദാക്കിയത്.

അതേസമയം, സിൽവർലൈൻ പദ്ധതി റദ്ദാക്കിയ സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി. നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കുന്നതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് സമിതി ജനറൽ കൺവീനർ എസ്. രാജീവൻ പറഞ്ഞു. നിലവിലെ പാതയിൽ മൂന്നോ നാലോ റയിൽവേ ലൈനുകൾ സ്ഥാപിക്കണം. ഏതു പദ്ധതിയായാലും പാരിസ്ഥിതിക ദുരന്തം ഉണ്ടാകാത്തതായിരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.