Thanks for watching! Content unlocked for this session.

നാടൻ പശുക്കളെ നെഞ്ചോട് ചേർത്ത് കോട്ടയത്തെ ദമ്പതികൾ; ശ്രദ്ധനേടി കുഞ്ഞൻ പശുക്കുട്ടി ‘അമ്മിണി’

കോട്ടയം തിരുവാർപ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അനൂഷും ഭാര്യ സോയയും കഴിഞ്ഞ പന്ത്രണ്ട് വർഷമായി നാടൻ പശുക്കളെ വളർത്തി മാതൃകയാകുന്നു. വെച്ചൂർ, ചെറുവള്ളി, പുങ്കന്നൂർ ക്രോസ്സ് ഇനത്തിൽപ്പെട്ട പശുക്കളെയാണ് ഇവർ ഇവിടെ പരിപാലിക്കുന്നത്. ഇവരുടെ ഫാമിലെ വെച്ചൂർ-പുങ്കന്നൂർ ക്രോസ്സ് ഇനത്തിൽപ്പെട്ട ‘അമ്മിണി’ എന്ന് പേരുള്ള രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞൻ പശുക്കുട്ടി ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുകയാണ്.

സി.എം.എസ് കോളേജിൽ നടന്ന ഒരു സെമിനാറും പ്രദർശനവും കണ്ട ശേഷമാണ് അനൂഷ് നാടൻ പശുക്കളെ വളർത്താൻ ആരംഭിച്ചത്. ഇവരുടെ ഫാമിലെ ‘പൊന്നി’ എന്ന പശുവിന് അതിജീവനത്തിന്റെ വലിയൊരു കഥ പറയാനുണ്ട്. ജനിച്ച് പതിനാറാം ദിവസം പ്ലാസ്റ്റിക് ഉള്ളിൽച്ചെന്ന് അമ്മപ്പശു ചത്തുപോയ പൊന്നിയെ കട്ടൻചായയും കടാപുല്ലും നൽകിയാണ് അനൂഷും കുടുംബവും വളർത്തിയെടുത്തത്. പൊന്നിയുടെ അഞ്ചാമത്തെ പ്രസവത്തിലാണ് അമ്മിണി ജനിക്കുന്നത്.

തികച്ചും ജൈവരീതിയിലാണ് ഇവരുടെ ഫാം പ്രവർത്തിക്കുന്നത്. പശുക്കളിൽ നിന്നുള്ള ചാണകം ഉപയോഗിച്ച് ക്ഷേത്രങ്ങളിലെ പൂജയ്ക്കായി കതളിവാഴയും റമ്പുട്ടാനും ഇവർ കൃഷി ചെയ്യുന്നുണ്ട്. തൊണ്ണൂറിലധികം വർഷം പഴക്കമുള്ള ഇവരുടെ തറവാട്ടു വീടും, കുട്ടനാടൻ പാടശേഖരങ്ങളിൽ പണ്ട് വെള്ളം വറ്റിക്കാൻ ഉപയോഗിച്ചിരുന്ന പരമ്പരാഗത ചക്രവും ഈ വീടിന്റെയും ഫാമിന്റെയും പ്രധാന ആകർഷണങ്ങളാണ്.