Thanks for watching! Content unlocked for this session.

കോഴിക്കോട് കാർ തീപിടിത്തം: ഗർഭിണിയുടെ മരണം ആസൂത്രിതമെന്ന് പൊലീസ്; അന്വേഷണത്തിൽ വഴിത്തിരിവ്

കോഴിക്കോട് ∙ പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. തീപിടിത്തം ആസൂത്രിതമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.

അപകടത്തിനു മുൻപ് ഒരു സ്ത്രീ പെട്രോൾ വാങ്ങിയതിന്റെ തെളിവ് കിട്ടിയെന്ന് പൊലീസ് പറയുന്നു. ഇതാരാണെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്. വാഹനത്തിന്റെ തകരാറല്ല തീപിടിത്തത്തിനു കാരണമെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. തീ പടർന്നത് എൻജിനിൽ നിന്നല്ല എന്നും മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. കാറിൽ പെട്രോളുമായി പോകവേയായിരുന്നു തീപിടിത്തമെന്നാണ് സൂചന.

60 ശതമാനത്തിലേറെ പൊള്ളലേറ്റ, സോനയുടെ ഭർത്താവ് കക്കറമുക്ക് പൂവത്തും ചാലിൽ രജിൻ ലാൽ ചികിത്സയിലാണ്. സംഭവസമയത്തു വാഹനമോടിച്ചിരുന്ന രജിൻ ലാലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറിന്റെ പിൻസീറ്റിലാണ് സോന ഇരുന്നിരുന്നത്. പെട്രോളിന്റെ മണം തനിക്ക് കിട്ടി. എന്താണ് പെട്രോളിന്റെ മണം എന്ന് താൻ ചോദിച്ചപ്പോഴേക്കും തീ പടർന്നു എന്നാണ് രജിൻ ലാലിന്റെ മൊഴി.

നടുവണ്ണൂർ റോഡിനു സമീപം കന്നാസുമായി പോകുന്ന, സിസിടിവിയിൽ പതിഞ്ഞ സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കാറിന്റെ പിൻഭാഗത്തുനിന്നു തീ പടർന്നെന്നും ശബ്ദം കേട്ടെന്നും സംഭവ ദിവസം സ്ഥലത്തെത്തിയവർ പൊലീസിനോട് പറഞ്ഞിരുന്നു. രജിൻ ലാലിന്റെ ശരീരത്തിന്റെ പിൻഭാഗത്താണു കൂടുതലായി പൊള്ളലേറ്റത്.

സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതൽ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. രജിൻ ലാൽ കാറിൽ അവിടെ ഇറക്കിയതായും രാത്രി 7.30ന് വന്നു തിരികെക്കൂട്ടിയെന്നും ബന്ധുവായ യുവതിയുടെ മൊഴിയുണ്ട്. അന്നു വൈകിട്ട് തന്റെയൊപ്പം പേരാമ്പ്രയിൽ പോയി സാധനങ്ങൾ വാങ്ങി. താൻ ഫാൻസി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന എവിടെപ്പോയെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു. തിരികെവന്ന ശേഷമാണു രജിൻലാലിന് ഒപ്പം സോന മടങ്ങിപ്പോയതെന്നും യുവതി പറഞ്ഞിരുന്നു.

പേരാമ്പ്രയിൽ ബന്ധുവിനൊപ്പം പോയ സോന തനിച്ച് എവിടെപ്പോയെന്നതിലും രാത്രി 7.30 ന് ഇളയമ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ സോനയും രജിനും പിന്നീട് 2 മണിക്കൂറോളം എവിടെ ചെലവഴിച്ചെന്നതിലും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ, പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രജിൻ ലാലിന്റെ മൊഴി അന്വേഷണത്തിൽ നിർണായകമാകും.