ജൂൺ 6 ശനിയാഴ്ച ആഗതമാകുന്ന കൃഷ്ണപക്ഷ ഷഷ്ഠി ഭഗവാൻ സുബ്രഹ്മണ്യന്റെ അനുഗ്രഹം തേടാൻ ഭക്തർക്ക് ലഭിക്കുന്ന അതിവിശിഷ്ടമായ അവസരമാണ്. സാധാരണയായി ശുക്ലപക്ഷ ഷഷ്ഠി മാത്രമാണ് പലരും നോൽക്കാറുള്ളതെങ്കിലും, കൃഷ്ണപക്ഷ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നതും ഭക്തി വർദ്ധിപ്പിക്കുമെന്നും സുബ്രഹ്മണ്യസ്വാമിയുടെ തുല്യമായ അനുഗ്രഹം നൽകുമെന്നും ആചാര്യന്മാർ വ്യക്തമാക്കുന്നു.
വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി തലേദിവസമായ ജൂൺ 5 വെള്ളിയാഴ്ച ഒരിക്കൽ എടുക്കണം. അന്ന് ഒരു നേരം മാത്രം അരിയാഹാരം കഴിച്ച്, പൂർണ്ണമായും നോൺ-വെജ് ഒഴിവാക്കി ബ്രഹ്മചര്യം പാലിക്കേണ്ടതുണ്ട്. ഷഷ്ഠി ദിവസമായ ശനിയാഴ്ച അതിരാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് കുളിച്ച് ശുദ്ധിയായി പൂജാമുറിയിൽ നിലവിളക്കോ നെയ്‌വിളക്കോ കൊളുത്തി ചുവന്ന പൂക്കളോ മുല്ലപ്പൂക്കളോ ഭഗവാന്റെ പാദങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കണം.
ശരീരത്തെ ദണ്ഡിപ്പിക്കൽ മാത്രമല്ല വ്രതം, മറിച്ച് ഉള്ളിലെ അഹങ്കാരവും ദേഷ്യവും ഭഗവാന് മുന്നിൽ സമർപ്പിച്ച് മനസ്സ് ശുദ്ധീകരിക്കലാണത്. അന്നേദിവസം അടുത്തുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഏറെ ഉത്തമമാണ്; ശുക്ലപക്ഷ ഷഷ്ഠിയെ അപേക്ഷിച്ച് തിരക്ക് കുറവായിരിക്കുമെന്നതിനാൽ ഭക്തർക്ക് കൂടുതൽ സാവകാശത്തിൽ ഭഗവാനെ കണ്ട് പ്രാർത്ഥിക്കാൻ സാധിക്കും. “ഓം ശരവണഭവായ നമ” അല്ലെങ്കിൽ “ഓം മുരുകായ നമ” എന്നീ മന്ത്രങ്ങൾ ജപിക്കുന്നത് വ്രതഫലം ഇരട്ടിയാക്കും.