Thanks for watching! Content unlocked for this session.

സ്ത്രീകൾക്ക് സൗജന്യയാത്ര: എല്ലാവർക്കും എല്ലാ ബസിലും സൗജന്യമായിരിക്കുമോ?

തിരുവനന്തപുരം: വനിതകൾക്കു ജൂൺ 15 മുതൽ സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി കെഎസ്ആർടിസിയോട് സർക്കാർ റിപ്പോർട്ട് തേടി. ഏതൊക്കെ സർവീസുകളിൽ സൗജന്യം അനുവദിക്കാം എന്നതാണ് പ്രധാനമായും തീരുമാനിക്കേണ്ടത്.

ബജറ്റ് ടൂറിസം, ചാർട്ടേഡ്, എസി, അന്തർസംസ്ഥാന സർവീസുകളെ ഒഴിവാക്കി ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ മാത്രമായി സൗജന്യം പരിമിതപ്പെടുത്താനാണ് സാധ്യത. സ്ത്രീ യാത്രക്കാരുടെ വിവരശേഖരണത്തിനായി തുടങ്ങിയ ജെൻഡർ ടിക്കറ്റിങ് പുനരാരംഭിക്കും.

പദ്ധതി നടപ്പാക്കിയ തമിഴ്നാട്ടിൽ സർക്കാർ കൃത്യമായി സബ്സിഡി നൽകുന്നത് കോർപ്പറേഷന് ഗുണകരമായിരുന്നു. കൃത്യമായി സർക്കാർ വിഹിതം ലഭിക്കുന്നത് സഹായമാകുമെന്നാണ് കെഎസ്ആർടിസിയും പ്രതീക്ഷിക്കുന്നത്.

പതിവായി യാത്ര ചെയ്യുന്ന വനിതകൾക്ക് 2000 മുതൽ 5000 രൂപ വരെ പ്രതിമാസം ലാഭിക്കാൻ കഴിയുമെന്നാണ് കണക്ക്. എന്നാൽ സ്വകാര്യബസുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന സ്ത്രീകൾ കെഎസ്ആർടിസി ബസുകളിലേക്ക് മാറുന്നതോടെ തിരക്ക് വർധിക്കുമെന്നും കൂടുതൽ ബസുകൾ അനുവദിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്നും കെഎസ്ആർടിസി ജീവനക്കാർ അഭിപ്രായപ്പെടുന്നു.