കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി ജൂൺ 15 മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബിഡി സതീശൻ പ്രഖ്യാപിച്ചു. ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം സർക്കാരിന്റെ ഇന്ദിരാ ഗ്യാരന്റികളിൽ ഒന്ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരുന്നുണ്ട്. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാൻ ആലോചിക്കുന്നുണ്ടെങ്കിലും ഓർഡിനറി ബസുകളിൽ മാത്രമായി ഇത് പരിമിതപ്പെടുത്താനാണ് സാധ്യത.
പ്രതിദിനം 12 ലക്ഷത്തോളം സ്ത്രീ യാത്രക്കാർ കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്നുണ്ട്. സൗജന്യ യാത്ര പദ്ധതി മൂലം പ്രതിമാസം 90 കോടിയോളം രൂപ അധികമായി കണ്ടെത്തേണ്ടി വരും. ഇപ്പോൾത്തന്നെ സർക്കാർ സഹായത്തിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി പൂർണമായും ലാഭത്തിലേക്ക് എത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇത് വെല്ലുവിളിയാകും.
പിങ്ക് ബസുകൾ എന്ന ആശയം നേരത്തെ ചർച്ചയായിരുന്നെങ്കിലും കെഎസ്ആർടിസി അത് സ്ഥിരീകരിച്ചിട്ടില്ല. ഓർഡിനറി ബസുകളിലെങ്കിലും സൗജന്യ യാത്ര നടപ്പിലാക്കാനാണ് സർക്കാരിന്റെ ശ്രമം.
ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ഇതുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങൾ എടുക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് വകുപ്പ് വിഭജനത്തിനു ശേഷം അതാത് മന്ത്രിമാർ നടപ്പിലാക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കും.