തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ജൂൺ 15 മുതൽ സ്ത്രീകൾക്കു സൗജന്യ യാത്ര നടപ്പാക്കുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ചതോടെ സ്ഥാപനത്തിനു വലിയ സാമ്പത്തികബാധ്യതയില്ലാതെ പദ്ധതി ഏതു രീതിയിൽ നടപ്പാക്കാൻ കഴിയുമെന്നു തലപുകയ്ക്കുകയാണ് അധികൃതർ. മേയ് എട്ടു മുതൽ അഞ്ചു ദിവസം കെഎസ്ആർടിസി സ്ത്രീ, ട്രാൻസ്ജെൻഡർ യാത്രക്കാരുടെ എണ്ണം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കണം, എത്രത്തോളം സാമ്പത്തിക സഹായം സർക്കാർ നൽകേണ്ടിവരും എന്നതു സംബന്ധിച്ചാണു ചർച്ചകൾ നടക്കുന്നത്.
കർണാടക മാതൃകയിൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഒരുങ്ങുന്നതെന്നാണു സൂചന. അന്തർസംസ്ഥാന ബസുകളിലും എസി ബസുകളിലും ഒഴികെ സൗജന്യ യാത്ര നടപ്പാക്കിയാൽ വരുന്ന ബാധ്യത സംബന്ധിച്ച് ഇന്നലെ ചേർന്ന യോഗം ചർച്ച ചെയ്തു. നിലവിൽ ഒരു ദിവസം കെഎസ്ആർടിസിയുടെ വരുമാനം 7-8 കോടി രൂപയാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് ആകെ യാത്രക്കാരിൽ 40-50 ശതമാനത്തോളം സ്ത്രീകളാണ്. ഇതു പരിഗണിക്കുമ്പോൾ സംസ്ഥാനത്തു മുഴുവനായി പദ്ധതി നടപ്പാക്കിയാൽ 3.5 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകും.
ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാൽ പ്രതിദിനം 90 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ഇപ്പോൾ തന്നെ സർക്കാർ ധനസഹായം നൽകുന്നതു കൊണ്ടാണ് ഒന്നാം തീയതി ശമ്പളവും പെൻഷനും നൽകാൻ കഴിയുന്നത്. നിലവിൽ ശമ്പളത്തിനും പെൻഷനുമായി നൂറുകോടിയോളം രൂപ സർക്കാർ മിക്ക മാസങ്ങളിലും കെഎസ്ആർടിസിക്കു നൽകുന്നുണ്ട്.
സൗജന്യം പ്രഖ്യാപിച്ചാൽ സ്ത്രീകൾ കൂട്ടത്തോടെ ദീർഘദൂര യാത്രകൾക്കുപ്പെടെ കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്ന നിലയുണ്ടാകുമെന്നും അധികൃതർ ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തിൽ വ്യക്തമായ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ആലോചനകൾ നടക്കുന്നത്. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾ നിജപ്പെടുത്തണമെന്നും കിലോമീറ്റർ പരിധി വയ്ക്കണമെന്നുമാണ് കെഎസ്ആർടിസി അധികൃതർ ആവശ്യപ്പെടുന്നത്.
അയൽ സംസ്ഥാനങ്ങളായ കർണാടകയുടെയും തെലങ്കാനയുടെയും തമിഴ്നാടിന്റെയും മാതൃകയിലാണ് ഇന്ദിരാ ഗ്യാരന്റിയിൽ ഉൾപ്പെടുത്തി യുഡിഎഫ് സർക്കാർ സംസ്ഥാനത്തും പദ്ധതി നടപ്പാക്കുന്നത്. കർണാടകയിൽ വിദ്യാർഥിനികൾ, ട്രാൻസ്ജെൻഡർമാർ എന്നിവർ ഉൾപ്പെടെ കർണാടക സ്വദേശികളായ സ്ത്രീകൾക്കു ശക്തി സ്കീമിൽ ഉൾപ്പെടുത്തിയാണ് കെഎസ്ആർടിസി, ബിഎംടിസി, എൻഡബ്ല്യുകെആർടിസി, കെകെആർസിടി എന്നീ അഞ്ചു കോർപറേഷനുകളുടെ ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. 2023 ജൂൺ 11 മുതൽ 2025 ജൂൺ വരെയുള്ള കണക്കനുസരിച്ച് 474 കോടി സ്ത്രീകളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്. ബെംഗളൂരുവിൽ മാത്രം 24 ലക്ഷത്തോളം പേരാണ് പ്രതിദിനം സൗജന്യമായി യാത്ര ചെയ്യുന്നത്. ഓർഡിനറി, അർബൻ ട്രാൻസ്പോർട്ട്, എക്സ്പ്രസ് ബസുകളിൽ നടപ്പാക്കിയിരിക്കുന്ന പദ്ധതി പ്രകാരം പ്രതിദിനം 11 കോടിയോളം രൂപയുടെ ബാധ്യതയാണ് സർക്കാരിനുണ്ടാകുന്നത്.
തമിഴ്നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും എല്ലാ ഓർഡിനറി ബസുകളിലും സിറ്റി, ടൗൺ ബസുകളിലും 30 കി.മീ വരെയാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ചെന്നൈ പോലുള്ള നഗരങ്ങളിൽ സ്ത്രീകൾക്കു മാത്രമായി പിങ്ക് ബസുകൾ സർവീസ് നടത്തുന്നുണ്ട്. കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലാണ് സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.