ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 2020-ൽ വെറും 3,875 സഞ്ചാരികൾ മാത്രമാണ് ദ്വീപിലെത്തിയത്. 2023-ൽ സഞ്ചാരികളുടെ എണ്ണം 46,551 ആയി ഉയർന്നു. 2024-ൽ സർവകാല റെക്കോർഡിട്ടുകൊണ്ട് 68,328 സഞ്ചാരികൾ ലക്ഷദ്വീപിലെത്തി. വെറും ഒരു വർഷത്തിനിടെ (2023 മുതൽ 2024 വരെ) ലക്ഷദ്വീപിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ 47 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയത്.
2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിക്കുകയും അവിടുത്തെ മനോഹരമായ കടൽത്തീരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തത് വൈറലായിരുന്നു. എന്നാൽ ഇതിന് പിന്നാലെ മാലിദ്വീപിലെ ചില മന്ത്രിമാർ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശങ്ങളുമായി രംഗത്തെത്തി. ഇത് ഇന്ത്യയിൽ വലിയ ജനരോഷത്തിന് കാരണമാവുകയും മാലിദ്വീപ് ബഹിഷ്കരിക്കാനും പകരം ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാനും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി വലിയ ക്യാമ്പെയ്ൻ ആരംഭിക്കുകയും ചെയ്തു.
ഇന്ത്യക്കാർ ലക്ഷദ്വീപിലേക്ക് ഒഴുക്കിയപ്പോൾ മാലിദ്വീപ് ടൂറിസത്തിന് അത് വലിയ തിരിച്ചടിയായി. 2023-ൽ മാലിദ്വീപിൽ പോയ ഇന്ത്യൻ സഞ്ചാരികൾ 2,09,193 ആയിരുന്നത് 2024-ൽ 1,30,805 ആയി കുത്തനെ കുറഞ്ഞു. അതായത്, ഒരൊറ്റ വർഷം കൊണ്ട് ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ 37.5 ശതമാനം ഇടിവ്.
2026-ൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി 2024 വരെയുള്ള വ്യക്തമായ ടൂറിസം കണക്കുകൾ സർക്കാർ നൽകിയിട്ടുണ്ടെങ്കിലും 2025-ലെ കണക്കുകൾ ഇതുവരെ പങ്കുവെച്ചിട്ടില്ല.