Thanks for watching! Content unlocked for this session.

ലോക്ക് ഭവന്റെ താക്കീത്…! വിഡി സതീശൻ മന്ത്രിസഭയ്ക്ക് മുന്നറിയിപ്പ്

വിഡി സതീശൻ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് തിങ്കളാഴ്ച. യുഡിഎഫ് സർക്കാർ അധികാരത്തിലേറി. എന്നാൽ അധികാരമേറ്റ് 24 മണിക്കൂർ പോലും തികയും മുമ്പേ ലോക്ക് ഭവന്റെ മുന്നറിയിപ്പ് എത്തി.

സത്യപ്രതിജ്ഞാ ചടങ്ങിൽ വേദിയിൽ ആരൊക്കെ ഇരിക്കണമെന്ന കാര്യത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറും ചീഫ് സെക്രട്ടറിയും മാത്രമേ വേദിയിൽ ഇരിക്കാവൂ എന്നായിരുന്നു നിർദ്ദേശം. ഔദ്യോഗിക പൊതു പരിപാടികളിലെ സ്റ്റേജ് പ്രോട്ടോക്കോൾ ഇതാണ്. എന്നാൽ ഈ നിർദ്ദേശം ലംഘിച്ച് വേദിയിൽ അധിക കസേരകൾ ഇടുകയും നൂറിലധികം പേർ തള്ളിക്കയറുകയും ചെയ്തു.

രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ വേദിയിൽ ഇരുത്തണമെന്ന് വിഡി സതീശൻ ഗവർണറോട് ആവശ്യപ്പെട്ടു. തമിഴ്നാട് മാതൃകയിൽ സത്യപ്രതിജ്ഞ പാടില്ലെന്നും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പോലീസ് റിപ്പോർട്ടുകൾ ഉണ്ടെന്നും ഗവർണർ പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ വേദിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ ലോക്ഭവൻ സെക്രട്ടറി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി വേദിയിൽ കൂടുതൽ കസേരകൾ കണ്ട് ഗവർണറെ അറിയിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിലുള്ള നേതാക്കൾക്കായി കൂടുതൽ ചേരിയിടാൻ അനുവദിക്കണമെന്ന സതീശന്റെ അഭ്യർത്ഥനപ്രകാരം ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചു. സുരക്ഷാ വീഴ്ച ഉണ്ടാകരുതെന്ന മുന്നറിയിപ്പോടെ ഗവർണർ സമ്മതിച്ചു. എന്നാൽ പറഞ്ഞതിലും കൂടുതൽ കസേര ഇടുകയും നൂറിലധികം പേർ തള്ളിക്കയറുകയും ചെയ്തു.

ചായസൽക്കാരത്തിനായി ലോക്ക് ഭവനിൽ എത്തിയപ്പോൾ വിഡി സതീശനോട് ഗവർണർ അതൃപ്തി അറിയിച്ചു.

അതേസമയം, നിരവധി പ്രമുഖ കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. അനാരോഗ്യം മൂലം എകെ ആന്റണിയും വിദേശത്തായതിനാൽ ശശിതരൂരും എത്തിയില്ല. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എത്തിയിരുന്നില്ല. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വിട്ടുനിന്നു. പാലക്കാട് എംഎൽഎ രമേശ് പിശാരടി എത്തിയെങ്കിലും ആൾത്തിരക്കിനെ തുടർന്ന് പന്തലിനുള്ളിൽ കയറാൻ കഴിഞ്ഞില്ല.

യുഡിഎഫ് പ്രവർത്തകരുടെ ഭീമമായ തിരക്ക് തിരുവനന്തപുരത്ത് അനുഭവപ്പെട്ടു. തമ്പാനൂരിലും അരിസ്റ്റോയിലും ഹോട്ടൽ മുറികൾ കിട്ടാനില്ലായിരുന്നു. ഓട്ടോറിക്ഷകൾ കിട്ടാതെ പ്രവർത്തകർ മോസ്ക് ലൈനും എസ്എൻസി കോവിൽ റോഡും വഴി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് നടന്നു.

ആദ്യ ക്യാബിനറ്റ് യോഗത്തിൽ മുഖ്യമന്ത്രി പല പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര ആരംഭിക്കും. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. ആശാ വർക്കർമാർക്ക് ആദ്യഘട്ടത്തിൽ 3000 രൂപ വർദ്ധനവ് നൽകും. അംഗൺവാടി ജീവനക്കാർ, പ്രീപ്രൈമറി ടീച്ചർമാർ, പാചക തൊഴിലാളികൾ എന്നിവർക്ക് 1000 രൂപ വീതം ഓണറേറിയം വർദ്ധനവ് പ്രഖ്യാപിച്ചു.

മെയ് 21ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്കും 22ന് സ്പീക്കർ തിരഞ്ഞെടുപ്പിനുമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. മെയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജി സുധാകരനെ പ്രോട്ടം സ്പീക്കറായി നിയമിച്ചു. അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് രാജിവച്ചു, സീനിയർ അഡ്വക്കേറ്റ് ജയജു ബാബുവിനെ പുതിയ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടിഎ ഷാജി രാജിവച്ചു, അഡ്വക്കേറ്റ് ടി അസഫ് അലിയെ നിയമിച്ചു.

2023-ൽ ആലപ്പുഴയിൽ നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ രണ്ടുപേരെ ആക്രമിച്ച സംഭവത്തിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കാൻ ക്യാബിനറ്റ് തീരുമാനിച്ചു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിദഗ്ധ സംഘം തയ്യാറാക്കുന്ന ശ്വേതപത്രം പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.