ശരീരത്തിൽ ചെറിയ മുഴകൾ പോലെ വരുന്ന അവസ്ഥ പലരിലും ആശങ്ക സൃഷ്ടിക്കാറുണ്ട്. കാൻസറോ മറ്റ് മാരക രോഗങ്ങളോ ആണോ എന്ന ഭയം പലർക്കും ഉണ്ടാകാം. എന്നാൽ ഇത്തരം മുഴകളിൽ ഏറിയ പങ്കും നിരുപദ്രവകരവും നമ്മുടെ ലിംഫാറ്റിക് സിസ്റ്റവുമായി ബന്ധപ്പെട്ടതുമാണ്.
ലിംഫാറ്റിക് സിസ്റ്റം നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗമാണ്. നമ്മുടെ ശരീരത്തിൽ ഏകദേശം 600 ലധികം ലിംഫ് നോഡുകൾ ഉണ്ട്. കക്ഷം, കഴുത്ത്, അരക്കെട്ട് എന്നീ ഭാഗങ്ങളിൽ ഇവ വീങ്ങി തടിക്കുമ്പോൾ നമുക്ക് ചെറിയ മുഴകൾ പോലെ അനുഭവപ്പെടും.
വൈറൽ പനി, ചിക്കൻപോക്സ്, മീസിൽസ്, മുണ്ടിനീര്, ചർമ്മ അണുബാധകൾ, പല്ലിലെ അണുബാധ, ചെവിയിലെ അണുബാധ, മുറിവുകൾ എന്നിവയാണ് ലിംഫ് നോഡ് വീക്കത്തിന്റെ സാധാരണ കാരണങ്ങൾ. കുട്ടികളിൽ ഇത് രണ്ടാഴ്ചയ്ക്കുള്ളിൽ കുറഞ്ഞുപോകും. മുതിർന്നവരിൽ ഒരു മാസം വരെ നീണ്ടുനിന്നേക്കാം.
ചുവപ്പ്, കടുത്ത വേദന, ചൂട്, പഴുപ്പ് എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്. എസ്എൽഇ, എച്ച്ഐവി, ടൈഫോയിഡ്, ക്ഷയം, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നിവയും ലിംഫ് നോഡ് വീക്കത്തിന് കാരണമാകാം. അപൂർവമായി ക്യാൻസറും കാരണമാകാം.
ഡെർമോയിഡ് സിസ്റ്റുകൾ ചെവിക്ക് പിന്നിലോ തലയോട്ടിയിലോ കാണപ്പെടുന്ന മറ്റൊരു തരം മുഴയാണ്. ഇവ ചലിക്കുന്നതും വേദനയില്ലാത്തതുമായ ബെനിൻ ബോളുകളാണ്. ലളിതമായ ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്യാം.
മിക്ക മുഴകളും പേടിക്കേണ്ട കാര്യമല്ല. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. അൾട്രാസൗണ്ട് സ്കാനോ ബയോപ്പിസിയോ രോഗനിർണയത്തിന് സഹായിക്കും.