എല്ലാ കൊല്ലവും അധ്യയന വർഷം തുടങ്ങുന്നതിനു മുമ്പ് നമ്മൾ സ്ഥിരമായി കേട്ടിരുന്ന ആ പരാതി വീണ്ടും ഉയർന്നിരിക്കുകയാണ്. മലബാറിൽ ഇത്തവണയും പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം. പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക നടപടികൾ നാളെ തുടങ്ങാനിരിക്കെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവാതെ കുഴങ്ങുകയാണ് ഭരണകർത്താക്കൾ.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലബാറിലെ ആറ് ജില്ലകളിലും പ്ലസ് വൺ സീറ്റുകളുടെ ഗണ്യമായ കുറവുണ്ട്. ദിവസങ്ങൾക്കു മുമ്പ് അധികാരമേറ്റ വിഡി സതീശൻ സർക്കാരിന്റെ മുന്നിലെ ആദ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയും ഇതിനൊരു പരിഹാരം കാണുക എന്നത് തന്നെയാകും.
പ്രതിപക്ഷത്തായിരുന്നപ്പോൾ കഴിഞ്ഞ 10 വർഷവും മുസ്ലിം ലീഗും എംഎസ്എഫും യൂത്ത് കോൺഗ്രസും അടക്കമുള്ള സംഘടനകളെല്ലാം ഇടത് സർക്കാരിനെതിരെ ഏറ്റവുമധികം വാളെടുത്ത വിഷയങ്ങളിൽ ഒന്നാണ് മലബാറിലെ ഈ സീറ്റ് പ്രതിസന്ധി. പ്രത്യേകിച്ച് വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിനെ സംബന്ധിച്ച് ഒരു ഇരുതല വാളാണ് ഇപ്പോൾ കയ്യിൽ എടുത്തു വെച്ചിരിക്കുന്നത്. ലീഗ് സംഘടനകളായിരുന്നു അന്നത്തെ പ്രതിഷേധങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത് എന്നതിനാൽ വകുപ്പ് തങ്ങളുടെ കയ്യിൽ കിട്ടി ദിവസങ്ങൾക്കുള്ളിൽ പരിഹാരം കാണേണ്ട സ്ഥിതിയിലാണ് ഇപ്പോൾ.
മുൻവർഷങ്ങളിലേതുപോലെ മലപ്പുറത്ത് തന്നെയാണ് സീറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷം. ഇവിടെ നിലവിൽ 26,137 സീറ്റുകളുടെ കുറവാണുള്ളത്. പാലക്കാട് 9,324 സീറ്റിന്റെ കുറവുമുണ്ട്. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. ആറ് ജില്ലകളിലായി 53,164 സീറ്റിന്റെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പുതിയ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നേരിടുന്ന ആദ്യ വെല്ലുവിളിയാവും മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി എന്നത് വ്യക്തം. പലപ്പോഴും താൽക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് പ്രതിസന്ധി നേരിടുന്നത്. എന്നിട്ടും സീറ്റ് ലഭിക്കാത്തതിനാൽ കഴിഞ്ഞ തവണ വിദ്യാർത്ഥികൾക്ക് ഓപ്പൺ സ്കൂൾ, അൺഡഡ് സ്കൂൾ പോലുള്ള സംവിധാനങ്ങൾ തിരഞ്ഞെടുക്കേണ്ടി വന്നു. മേഖലയിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടുതലാണ് എന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നവരുടെ എണ്ണവും ഉയരുന്നതോടെ താൽക്കാലിക സംവിധാനങ്ങൾ കൊണ്ട് പരിഹരിക്കാവുന്ന നിലയിൽ നിന്ന് കാര്യങ്ങൾ കൈവിട്ടു പോയിട്ട് കാലങ്ങളായി.
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം എന്നോണം കഴിഞ്ഞ വർഷങ്ങളിലെ 352 താൽക്കാലിക ബാച്ചുകൾ നിലനിർത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിൽ 314 ബാച്ചുകളും മലബാർ മേഖലയിലാണ്. എന്നാൽ 45 കുട്ടികൾ പഠിക്കേണ്ട ക്ലാസ് മുറികളിൽ 60 പേരെ വരെ ഇരുത്തേണ്ടി വരുന്നത് കുട്ടികളുടെ പഠന നിലവാരത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
അതേസമയം തെക്കൻ കേരളത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ തവണ കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ 7,000ത്തോളം പ്ലസ് വൺ സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. മെറിറ്റ് വിഭാഗത്തിൽ മൊത്തം 19,758 സീറ്റാണ് ഒഴിഞ്ഞുകിടന്നത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഒഴിവ് 2,339 സീറ്റുകൾ. പത്തനംതിട്ട 2,275, ആലപ്പുഴ 2,099, കോട്ടയം 1,928 എന്നിങ്ങനെയും ഒഴിഞ്ഞുകിടന്നു. മാനേജ്മെന്റ് സീറ്റുകളിൽ മൊത്തം 4,323 സീറ്റുകളുടെ ഒഴിവുണ്ടായി. അൺഡഡ് സ്കൂളിൽ ആവട്ടെ 28,128 സീറ്റ് ഒഴിഞ്ഞുകിടന്നു. മെറിറ്റിലുള്ള 19,758 സീറ്റ് ഉൾപ്പെടെ കൂട്ടുമ്പോൾ മൊത്തം 48,000ത്തിലേറെ സീറ്റിൽ ഒഴിവ് വന്നു.
ഇത്തവണ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 2,26,382 പേരാണ് എസ്എസ്എൽസി പാസായത്. സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് കഴിഞ്ഞവർ കൂടി വരുന്നതോടെ വിദ്യാർത്ഥികളുടെ എണ്ണം ഇനിയും ഉയരും. ഇവർക്ക് ഹയർ സെക്കൻഡറിക്ക് പുറമേ വൊക്കേഷണൽ ഹയർ സെക്കൻഡറി, ഐടിഐ, പോളിടെക്നിക് അടക്കം പരിഗണിച്ചാലും 2,00,657 സീറ്റുകളാണ് ആകെ ഉണ്ടാവുക. എസ്എസ്എൽസി പാസായവർ മാത്രം അപേക്ഷിച്ചാലും 25,000ത്തിലേറെ വിദ്യാർത്ഥികൾക്ക് സീറ്റ് ഉണ്ടാവില്ല എന്ന് ഉറപ്പായിട്ടുണ്ട്.
പുതിയ ബാച്ചുകൾ അനുവദിക്കണമെന്നത് മലബാർ മേഖലയിലെ നാളുകളായുള്ള ആവശ്യമാണ്. തെക്കൻ ജില്ലകളിൽ വിദ്യാർത്ഥികൾ ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ മലബാറിലേക്ക് മാറ്റാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഇതും പൂർണമായ പരിഹാരമായിട്ടില്ല. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് പോലും ഇഷ്ടപ്പെട്ട കോഴ്സുകൾ ലഭിക്കാത്ത സാഹചര്യമുണ്ട്.
താലൂക്ക് തലത്തിലുള്ള കണക്കുകൾ ശേഖരിച്ച് അധിക ബാച്ചുകൾ അനുവദിച്ചെങ്കിൽ മാത്രമേ മലബാറിലെ സീറ്റ് ക്ഷാമത്തിന് ശാശ്വതമായ പരിഹാരമാകുകയുള്ളൂ എന്ന് വിദ്യാഭ്യാസ പ്രവർത്തകർ വ്യക്തമാക്കുന്നു. അലോട്ട്മെന്റ് നടപടികൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ ഈ പ്രതിസന്ധിയെ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ദീനും എങ്ങനെ മറികടക്കും എന്നുള്ളത് നിർണായകമാണ്. കഴിഞ്ഞ കൊല്ലങ്ങളിൽ വിഷയത്തിൽ ഏറെ പഴികേട്ട ഇടതുപക്ഷം ഇനി പ്രതിപക്ഷത്തിരുന്ന് ശക്തമായി രംഗത്ത് വരുമെന്നത് വ്യക്തം.