കേരളത്തിൽ പുതിയ സർക്കാരുകൾ അധികാരത്തിലേറുന്ന ഓരോ തവണയും പലരും ഉറ്റുനോക്കുന്ന ഒരിടമാണ് മന്മോഹൻ ബംഗ്ലാവ്. അന്ധവിശ്വാസങ്ങളുടെ മന്ത്രിമന്ദിരമായ ഈ കെട്ടിടത്തിൽ ഇത്തവണ ധൈര്യസമേതം കയറി താമസമാക്കിയിരിക്കുന്നത് വിഡി സതീശൻ മന്ത്രിസഭയിലെ ഇളമുറക്കാരനായ ഒജെ ജനീഷ് ആണ്.
ഇവിടെ താമസിക്കുന്നത് അശുഭമാണെന്ന ഒരു പൊതുപ്രചാരണമുണ്ട്. ഇവിടെ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണില്ലെന്നാണ് പ്രധാന അന്ധവിശ്വാസം. എന്നാൽ ഈ വിശ്വാസം തെറ്റിയിട്ടുമുണ്ട്.
തിരുവിതാങ്കൂർ രാജാവായ ശ്രീമൂലം തിരുനാൾ പണികഴിപ്പിച്ച ഈ ബംഗ്ലാവിന് വലിയ ചരിത്രമുണ്ട്. കേരളത്തിൽ ആദ്യമായി ജനാധിപത്യ സർക്കാർ അധികാരമേറ്റപ്പോൾ ഈ കെട്ടിടം സർക്കാർ ഏറ്റെടുത്തു. 2006 ലെ വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് മന്മോഹൻ ബംഗ്ലാവ് വിവാദങ്ങളിൽ ഇടംപിടിച്ചത്. അന്ന് ആഭ്യന്തര ടൂറിസം മന്ത്രി കൊടിയേരി ബാലകൃഷ്ണനായിരുന്നു ബംഗ്ലാവിൽ താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ വാസ്തുദോഷം ചൂണ്ടിക്കാട്ടി ലക്ഷ്യങ്ങളുടെ മോടിപിടിപ്പിക്കൽ നടത്തിയതാണ് ഈ മന്ത്രിമന്ദിരത്തെ വിവാദത്തിലാക്കിയത്. ഒടുവിൽ കൊടിയേരി ബാലകൃഷ്ണൻ ബംഗ്ലാവ് ഉപേക്ഷിക്കുകയും ചെയ്തു.
2011ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആര്യാടൻ മുഹമ്മദാണ് മന്മോഹൻ ബംഗ്ലാവ് ഏറ്റെടുത്തത്. അഞ്ചു വർഷം തികച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. 2016 ൽ മന്ത്രിമന്ദിരത്തിൽ എത്തിയ തോമസ് ഐസക്കും അഞ്ചു വർഷം തികച്ചിരുന്നു. മുമ്പ് ഇറങ്ങിപ്പോയ പിജെ ജോസഫ് 2011 മുതൽ മൂന്നു തവണ നിയമസഭയിൽ എത്തി. മോൺസ് ജോസഫും വീണ്ടും നിയമസഭയിൽ എത്തിയിരുന്നു.
2021ൽ മന്ത്രിയായ ആന്റണി രാജുവും മന്മോഹൻ ബംഗ്ലാവിലാണ് താമസിച്ചത്. 2023ൽ മന്ത്രിസ്ഥാനം വെച്ചുമാറിയ അദ്ദേഹത്തിന് 1990 ലെ ഒരു മയക്കുമരുന്ന് കേസിൽ കോടതിവിധിയെ തുടർന്ന് നിയമസഭയിലെ അംഗത്വം വരെ നഷ്ടമായിരുന്നു.
തിരുക്കൊച്ചി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ എജെ ജോണായിരുന്നു ഈ ബംഗ്ലാവിൽ താമസിച്ച ആദ്യത്തെ മുഖ്യമന്ത്രി. അദ്ദേഹത്തിന് ബംഗ്ലാവും സ്ഥാനവും അതിവേഗം ഒഴിയേണ്ടിവന്നു. കെ കരുണാകരൻ ഇവിടെ താമസിച്ചപ്പോൾ ഒരു മാസത്തിനുള്ളിൽ രാജൻ കേസിൽ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ടിയു കുരുവിള ഇവിടെ താമസിച്ച അവസരത്തിലാണ് രാജകുമാരി ഭൂമി ഇടപാടിൽ മന്ത്രിസ്ഥാനം നഷ്ടമായത്. മോൺസ് ജോസഫിനും ലൈംഗിക അതിക്രമ കേസിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. പിജെ ജോസഫ് മുന്നണി വിട്ടതോടെ ബംഗ്ലാവ് ഒഴിയുകയായിരുന്നു.
മന്ത്രി ആർ ബാലകൃഷ്ണപിള്ള സകലവിധ വാസ്തുപൂജകളും നടത്തിയാണ് ബംഗ്ലാവിലേക്ക് താമസം മാറിയത്. എന്നാൽ പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ കാലാവധി തികയ്ക്കാതെ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. തോമസ് ഐസക്ക്, ആര്യാടൻ മുഹമ്മദ്, എംവി രാഘവൻ എന്നിവർ മാത്രമാണ് ബംഗ്ലാവിൽ താമസിച്ച് കാലാവധി പൂർത്തിയാക്കിയത്.
മന്മോഹൻ ബംഗ്ലാവും 13ആം നമ്പർ കാറുമാണ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രണ്ട് അന്ധവിശ്വാസങ്ങൾ. ഇവ രണ്ടും ചീത്തഫലങ്ങൾ കൊണ്ടുവരുമെന്നാണ് വിശ്വാസം. എന്നാൽ ഈ രണ്ട് അന്ധവിശ്വാസങ്ങളെയും വെല്ലുവിളിച്ച് തെറ്റാണെന്ന് സ്ഥാപിച്ച ഏക വ്യക്തി മുൻ ധനമന്ത്രി തോമസ് ഐസക് ആയിരുന്നു.
ഇപ്പോൾ മന്മോഹൻ ബംഗ്ലാവ് സ്വീകരിച്ച മന്ത്രി ഒജെ ജനീഷിനെ അഭിനന്ദിച്ച് തൃത്താല എംഎൽഎ വിടി ബലറാം രംഗത്ത് വന്നിട്ടുണ്ട്. “അന്ധവിശ്വാസങ്ങളെ തള്ളിക്കളഞ്ഞ തുടക്കത്തിൽ തന്നെ പ്രതീക്ഷയാകുന്ന യുവസ്നേഹിതൻ മന്ത്രി ഒജെ ജനീഷിനെ അഭിമാനപുരസരം അഭിവാദ്യം ചെയ്യുന്നു. പൊതുപ്രവർത്തകന് മറ്റെന്തിനേക്കാൾ വിശ്വാസം ഉണ്ടാവേണ്ടത് ജനങ്ങളിലാണ്. ജനങ്ങൾ കൂടെയുണ്ടെങ്കിൽ നാടിന് നന്മ ചെയ്ത് മുന്നോട്ടു പോവുകയാണെങ്കിൽ മറ്റ് അതീന്ദ്രിയ ശക്തികൾക്ക് ഒന്നും കാര്യമായ റോൾ ഉണ്ടാകില്ല,” ബലറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.