കേരളത്തിലെ കെട്ടിട നിര്‍മ്മാണ മേഖലയില്‍ വന്‍ പ്രതിസന്ധി. കോവിഡിന് ശേഷം തിരിച്ചെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ നേരത്തെ ലഭിച്ചിരുന്നതിനേക്കാള്‍ വളരെ കൂടുതല്‍ കൂലി ആവശ്യപ്പെട്ടുകൊണ്ടാണ് തിരിച്ചെത്തുന്നത്. നേരത്തെ 1000 രൂപ കിട്ടിയിരുന്ന സ്ഥാനത്ത് 1500 രൂപയും അതിന് മുകളിലുമാണ് ഇവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. മേസ്തിരിമാര്‍ 1500 രൂപയും ഹെല്‍പ്പര്‍മാര്‍ 1200 മുതല്‍ 1300 രൂപ വരെയും ദിവസക്കൂലി ആവശ്യപ്പെടുന്നു.
ലൈസന്‍സ്ഡ് എന്‍ജിനീയേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം അനില്‍ കുമാറിന്റെ അഭിപ്രായത്തില്‍, തിരിച്ചെത്തേണ്ട തൊഴിലാളികളുടെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ ഇതുവരെ എത്തിയിട്ടുള്ളൂ. എത്തിയവരെല്ലാം ഏകദേശം 50 ശതമാനത്തോളം കൂലിവര്‍ധനവാണ് ആവശ്യപ്പെടുന്നത്. ബക്രീദിന് ശേഷം കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷ.
ഏപ്രില്‍ പകുതി മുതല്‍ മെയ് പകുതി വരെയുള്ള കാലയളവ് ഗൃഹപ്രവേശവും മറ്റും നടക്കുന്ന പീക്ക് സീസണാണ്. എന്നാല്‍ തൊഴിലാളികളുടെ ദൗര്‍ലഭ്യവും കൂലിവര്‍ധനവും കാരണം നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരിക്കുകയാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പല ജോലികളും പെന്ഡിങ്ങിലാണ്.
കെട്ടിട നിര്‍മ്മാണ മേഖലയ്ക്ക് പുറമെ ഹോട്ടല്‍ മേഖലയും ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നുണ്ട്. നിര്‍മ്മാണ സാമഗ്രികളുടെ വില കനത്ത വര്‍ധനവ് നേരിടുന്ന സാഹചര്യത്തില്‍ ഇത്രയും വലിയ കൂലിവര്‍ധനവ് താങ്ങാനാവില്ലെന്ന് ഇവര്‍ പറയുന്നു.
സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി ലൈസന്‍സ്ഡ് എന്‍ജിനീയേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. തൊഴിലാളികള്‍ സംഘടിച്ചുകൊണ്ടുള്ള കൂലിവര്‍ധന ആവശ്യം തുടര്‍ന്നാല്‍ നിര്‍മ്മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കേരളത്തിലെ തദ്ദേശീയ തൊഴിലാളികള്‍ നിര്‍മ്മാണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. പുതുതലമുറ ഈ മേഖലയിലേക്ക് കടന്നു വരാത്തതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇത് തിരിച്ചെത്തുന്ന തൊഴിലാളികള്‍ക്ക് കൂലിച്ചര്‍ച്ചയില്‍ കൂടുതല്‍ ശക്തി നല്‍കുന്നുണ്ട്.