കേരളത്തിലെ എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം വെറും 2,000 രൂപയാണ്. എന്നാൽ പലവിധ അലവൻസുകളും യാത്രാബത്തകളും ചേരുമ്പോൾ പ്രതിമാസ വരുമാനം ഗണ്യമായി ഉയരുന്നു. ജീവിതച്ചെലവ്, യാത്ര, യോഗങ്ങൾ തുടങ്ങി നിരവധി ഇനങ്ങളിൽ എംഎൽഎമാർക്ക് സർക്കാർ അലവൻസുകൾ നൽകുന്നുണ്ട്.
നിയോജക മണ്ഡല അലവൻസായി പ്രതിമാസം 25,000 രൂപ, ഫിക്സഡ് അലവൻസ് 2,000 രൂപ, ഇൻഫർമേഷൻ അലവൻസ് 4,000 രൂപ, ഫോൺ വാടക 11,000 രൂപ, സൽക്കാര അലവൻസ് 8,000 രൂപ എന്നിങ്ങനെയാണ് പ്രധാന അലവൻസുകൾ. യാത്രക്കായി റോഡ്, ട്രെയിൻ എന്നിവയ്ക്ക് ദൂരപരിധിയില്ലാതെ യാത്ര ചെയ്യാം. കെഎസ്ആർടിസിയിലും സർക്കാർ ബോട്ടുകളിലും സൗജന്യ യാത്രയുണ്ട്.
ചികിത്സാ ചെലവ് പൂർണമായും സർക്കാർ പരിധിയിൽ വരും. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ 1,000 രൂപയും കേരളത്തിന് പുറത്താണെങ്കിൽ 1,200 രൂപയും ദിവസവും ലഭിക്കും. പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം 15,000 രൂപയും സ്റ്റാഫ് അലവൻസായി 2,000 രൂപയും അനുവദിക്കുന്നു.
പലിശരഹിത വായ്പ, അപകട ഇൻഷുറൻസ്, ഭവനവായ്പ അഡ്വാൻസായി 20 ലക്ഷം രൂപ വരെ എടുക്കാം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ എംഎൽഎ ശമ്പളം നൽകുന്ന സംസ്ഥാനം ഒഡീഷയാണ്. അവിടെ മുഖ്യമന്ത്രിക്ക് 3.74 ലക്ഷം രൂപയും എംഎൽഎമാർക്ക് 3.45 ലക്ഷം രൂപയുമാണ് പ്രതിമാസം ലഭിക്കുന്നത്.