മോഡലിംഗ്, ഫാഷൻ ഇൻഡസ്ട്രി, ഗ്ലാമർ ലോകം — ഇന്നത്തെ തലമുറയിലെ ഒരുപാട് പെൺകുട്ടികൾ സ്വപ്നം കാണുന്ന ഒരു കരിയർ മേഖലയാണിത്. ക്യാമറക്ക് മുന്നിലെ തിളക്കവും പ്രശസ്തിയും ആഗ്രഹിക്കുന്നത് ഒട്ടും തെറ്റായ കാര്യമല്ല. എന്നാൽ നിങ്ങളുടെ ഈ വലിയ സ്വപ്നങ്ങളെ മുതലെടുക്കാൻ ചില ചതിക്കുഴികൾ ഈ രംഗത്ത് പതിയിരിക്കുന്നുണ്ടെന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയണം. കഴിഞ്ഞ ദിവസം കൊച്ചിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു വാർത്ത നമ്മെ ഞെട്ടിക്കുന്നതാണ്. മോഡലിംഗ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ ദുബായിലേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഒരു അന്താരാഷ്ട്ര റാക്കറ്റ് ആണ് അവരുടെ പിടിയിലായത്. നിങ്ങളുടെ സ്വപ്നങ്ങൾ ആരുടെയും മുൻപിൽ പണയപ്പെടുത്താതിരിക്കാൻ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക.
ഒന്ന്: സോഷ്യൽ മീഡിയ ഓഫറുകളെ സൂക്ഷിക്കുക. Instagram ലൂടെയോ ഫേസ്ബുക്കിലൂടെയോ ഒറിജിനാലിറ്റി ഇല്ലാത്ത പ്രൊഫൈലുകൾ അയക്കുന്ന ഡയറക്റ്റ് മെസ്സേജുകൾ വിശ്വസിച്ച് കാസ്റ്റിംഗ് കോളുകൾക്ക് പോകാതിരിക്കുക. ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏജൻസികൾ വഴിയാണോ ഓഫർ വന്നിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.
രണ്ട്: കൃത്യമായ പശ്ചാത്തല അന്വേഷണം. ഒരു ഏജൻസി നിങ്ങളെ സമീപിച്ചാൽ അവരുടെ മുൻകാല വർക്കുകൾ, ഓഫീസ് എവിടെയാണ്, അവർ വിശ്വസ്തരാണോ എന്ന് കൃത്യമായി അന്വേഷിക്കുക. ആവശ്യമെങ്കിൽ ഈ രംഗത്ത് പരിചയസമ്പന്നരായ മറ്റുള്ളവരോട് സംസാരിച്ച് കാര്യങ്ങൾ വ്യക്തമാക്കുക.
മൂന്ന്: വിദേശ ഓഫറുകളിലെ ചതിക്കുഴികൾ. തുടക്കക്കാരെ തന്നെ വലിയ തുക വാഗ്ദാനം ചെയ്ത് ദുബായ് പോലുള്ള വിദേശരാജ്യങ്ങളിലേക്ക് മോഡലിങ്ങിനായി ക്ഷണിക്കുന്നത് പൂർണമായും സംശയിക്കേണ്ട ഒന്നാണ്. വിസയും ടിക്കറ്റും സൗജന്യമായി തരാം എന്ന് പറയുമ്പോൾ അതിന്റെ പിന്നിലെ ലക്ഷ്യം എന്താണെന്ന് ആലോചിക്കുക.
നാല്: രേഖകൾ ആർക്കും കൈമാറരുത്. ഷൂട്ടിങ്ങിന്റെ പേരിൽ നിങ്ങളുടെ പാസ്പോർട്ട്, ഐഡി കാർഡുകൾ, ഫോൺ എന്നിവ ആരെങ്കിലും വാങ്ങിവെക്കാൻ ശ്രമിച്ചാൽ അതിന് ഒട്ടും സമ്മതിക്കരുത്. ഇത് നിങ്ങളെ തടങ്കളിൽ ആക്കാനുള്ള ആദ്യപടിയാണ്.
അഞ്ച്: ഒറ്റക്ക് പോകാതിരിക്കുക. ആദ്യകാല ഓഡിഷനുകൾക്കോ ഫോട്ടോഷൂട്ടുകൾക്കോ പോകുമ്പോൾ മാതാപിതാക്കളെയോ വിശ്വസ്തരായ സുഹൃത്തുക്കളെയോ കൂടെ കൂട്ടുക. വിജനമായ സ്ഥലങ്ങളിലോ ഹോട്ടൽ മുറികളിലോ വെച്ചുള്ള ഓഡിഷനുകൾ പൂർണമായും ഒഴിവാക്കുക.
സ്വപ്നങ്ങൾ വേണം, അതിനായി കഠിനാധ്വാനം ചെയ്യുകയും വേണം. എന്നാൽ ആ സ്വപ്നങ്ങളിലേക്കുള്ള ആവേശം നമ്മുടെ സുരക്ഷയെ ബാധിക്കരുത്. ഒരു നിമിഷത്തെ ജാഗ്രത കുറവുകൊണ്ട് ഇല്ലാതാകുന്നത് നിങ്ങളുടെ ജീവിതം മാത്രമായിരിക്കില്ല, നിങ്ങളെ വിശ്വസിച്ച ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ കൂടിയാണ്. വിവേകത്തോടെ ചിന്തിക്കുക, സുരക്ഷിതരായിരിക്കുക. ഈ വിവരങ്ങൾ മോഡലിംഗ് രംഗം ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക.