എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശക്തി വർധിപ്പിക്കാനായി 1,200 ലധികം പുതിയ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിയമിക്കാൻ കേന്ദ്രസർക്കാർ ബുധനാഴ്ച അംഗീകാരം നൽകി. ധനമന്ത്രാലയം ഇതിനായി ഉത്തരവിറക്കി. 15 വർഷത്തിനു ശേഷമാണ് ഇഡിയിൽ കേഡർ പുനസംഘടന നടക്കുന്നത്; അവസാനമായി 2011 ലായിരുന്നു ഇത്തരമൊരു പുനഃക്രമീകരണം.
എക്സിക്യൂട്ടീവ്, ലീഗൽ, അഡ്ജുഡിക്കേഷൻ, സിസ്റ്റംസ്, മിനിസ്റ്റീരിയൽ, സെക്യൂരിറ്റി, സപ്പോർട്ട് സ്റ്റാഫ് എന്നീ ആറു കേഡറുകളിലായാണ് പുതിയ നിയമനം. എക്സിക്യൂട്ടീവ് കേഡറിലാണ് ഏറ്റവും കൂടുതൽ നിയമനം. ഡെപ്യൂട്ടി ഡയറക്ടർമാരുടെ എണ്ണം 148 ൽ നിന്ന് 267 ആയും അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർമാരുടെ എണ്ണം 803 ഉം എൻഫോഴ്സ്മെന്റ് ഓഫീസർമാരുടെ എണ്ണം 606 ഉം വർധിപ്പിക്കും. അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എൻഫോഴ്സ്മെന്റ് തസ്തികയിൽ 531 പേരെയും പുതുതായി നിയമിക്കും. അഡീഷണൽ ഡയറക്ടർമാരുടെ എണ്ണം 10 ൽ നിന്ന് 24 ആയും ജോയിന്റ് ഡയറക്ടർമാരുടെ എണ്ണം 28 ൽ നിന്ന് 49 ആയും ഉയർത്തും. ഡയറക്ടർ, സ്പെഷ്യൽ ഡയറക്ടർ തസ്തികകളിൽ മാറ്റമില്ല.
കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ), സാമ്പത്തിക കുറ്റകൃത്യം ചെയ്ത് രാജ്യം വിടുന്നവർക്കെതിരെയുള്ള നിയമം എന്നിവ കൈകാര്യം ചെയ്യുന്ന ഇഡിയുടെ പ്രവർത്തനശേഷി വർധിപ്പിക്കാനാണ് പുനഃസംഘടന. പിഎംഎൽഎ വിധിനിർണയ പ്രക്രിയ മെച്ചപ്പെടുത്താൻ രണ്ട് അഡീഷണൽ ഡയറക്ടർമാർ, മൂന്ന് ജോയിന്റ് ഡയറക്ടർമാർ, അഞ്ച് ഡെപ്യൂട്ടി ഡയറക്ടർമാർ, 10 അസിസ്റ്റന്റ് ഡയറക്ടർമാർ എന്നിവരെ ഉൾപ്പെടുത്തി പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. സീനിയർ പ്രൈവറ്റ് സെക്രട്ടറിമാരുടെ എണ്ണം ഒന്നിൽ നിന്ന് നാലായും സ്റ്റെനോഗ്രാഫർ ഗ്രേഡ് വൺ തസ്തികകൾ 20 ൽ നിന്ന് 44 ആയും ഉയർത്തി.