സോഷ്യൽ മീഡിയയിലെ ഒരു കുഞ്ഞു വീഡിയോയ്ക്ക് ബിസിനസ് വിപണിയിൽ എത്രത്തോളം വലിയ സ്വാധീനം ചെലുത്താൻ കഴിയും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ദൃശ്യമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് ഒരു പാക്കറ്റ് പാർലെ മെലഡി ടോഫി സമ്മാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ഇന്ത്യയിലെ ഓൺലൈൻ വിപണിയിൽ മെലഡി മിഠായികൾ പൂർണമായും വിറ്റുതീർന്നത്.
കേവലം ഒരു രൂപ വിലയുള്ള ഒരു ടോഫിക്ക് പ്രധാനമന്ത്രിയിലൂടെ ലഭിച്ചത് കോടിക്കണക്കിന് രൂപയുടെ സൗജന്യ പരസ്യമാണെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. വീഡിയോ വൈറൽ ആയതിനു തൊട്ടുപിന്നാലെ ഇന്ത്യയിലെ പ്രമുഖ ഇൻസ്റ്റന്റ് ഡെലിവറി ആപ്പുകളായ സെപ്റ്റോ, സ്വിഗി ഇൻസ്റ്റമാർട്ട്, ബ്ലിങ്കിറ്റ് എന്നിവയിലെല്ലാം മെലഡി മിഠായികൾ പൂർണമായും ഔട്ട് ഓഫ് സ്റ്റോക്കായി.
2023ൽ ദുബായിൽ നടന്ന COP28 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രിയോടൊപ്പമുള്ള സെൽഫി #Melodi എന്ന ഹാഷ്ടാഗോടെ മെലോണി പങ്കുവെച്ചപ്പോൾ തുടങ്ങിയതാണ് ഈ ഹാഷ്ടാഗ് തരംഗം. ഇപ്പോൾ യഥാർത്ഥത്തിലുള്ള മെലഡി മിഠായി തന്നെ സമ്മാനിച്ചതിലൂടെ ആ പഴയ ഓർമ്മകളെ ഇരു നേതാക്കളും വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
വീഡിയോ തരംഗമായതോടെ ഇൻസ്റ്റഗ്രാമിലും എക്സിലും ക്രിയേറ്റർമാർ ഈ ദൃശ്യങ്ങൾ ഏറ്റെടുത്തു. സ്ക്രീൻ ഷോട്ടുകൾ, മീമുകൾ, എഡിറ്റ് ചെയ്യപ്പെട്ട റീലുകൾ എന്നിവകൊണ്ട് സോഷ്യൽ മീഡിയ ഫീഡുകൾ നിറഞ്ഞിരിക്കുകയാണ്. ഡിജിറ്റൽ യുഗത്തിൽ സോഷ്യൽ മീഡിയ ട്രെൻഡുകൾ എത്ര പെട്ടെന്നാണ് ഒരു രാജ്യത്തിന്റെ ബിസിനസ് വിപണിയെയും വിതരണ ശൃംഖലയെയും മാറ്റിമറിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മെലഡി മിഠായിക്ക് സംഭവിച്ചത്.