തലമുറവ്യത്യാസമില്ലാതെ മലയാളികളുടെ നെഞ്ചിൽ ഇടംപിടിച്ച നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 3 റിലീസ് ചെയ്യാനുള്ള അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു റീലാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പ്രമുഖ സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫറായ ആലിഫ് നാസറാണ് റീൽ പങ്കുവെച്ചത്. അദ്ദേഹം തന്നെ ചിത്രീകരിച്ച് മനോഹരമായി എഡിറ്റ് ചെയ്ത റീലിൽ മോഹൻലാലിനോട് ‘മോഹൻലാൽ എന്ന പേരിന്റെ അർഥമെന്താണ്’ എന്ന് ചോദിക്കുന്നു. എനിക്കറിഞ്ഞൂടാ എന്നും അതിന് അർഥമുണ്ടോ എന്നും മോഹൻലാൽ മറുപടി നൽകുന്നു. തുടർന്ന് അദ്ദേഹം തല ചെരിച്ച് കാറിന് മേലേക്ക് വെച്ച് കിടക്കുകയും താൻ ഉറങ്ങിപ്പോയാൽ ഷോട്ടിന് വിളിക്കണമെന്ന് പറയുകയും ചെയ്യുന്നു.
പോസ്റ്റ് ചെയ്ത് 24 മണിക്കൂർ തികയുന്നതിന് മുമ്പ് 41 ലക്ഷത്തിലേറെ പേരാണ് റീൽ കണ്ടത്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മൊണ്ടാഷും പശ്ചാത്തലത്തിൽ മിന്നിമറയുന്നുണ്ട്. മോഹൻലാൽ എന്ന പേരിന്റെ അർഥം തലമുറകളുടെ നായകൻ എന്നാണെന്നും അതല്ല, മലയാള സിനിമ എന്നാണ് അർഥമെന്നുമെല്ലാം പലരും റീലിന് താഴെ കമന്റിട്ടു.