തിരുവനന്തപുരം: പാർട്ടി സെക്രട്ടറി എന്ന നിലയിൽ തന്റെ ശരീരഭാഷ ശരിയല്ലെന്ന് വീട്ടിൽനിന്നുപോലും അഭിപ്രായമുയർന്നുവെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തിലാണ് തുറന്നുപറച്ചിൽ.
കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ ചോദിക്കുന്ന സന്ദർഭമുണ്ടായി. പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടുനോക്കണം എന്ന് മകൻ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. വാർത്താസമ്മേളനങ്ങളിലെ തന്റെ ശരീരഭാഷ ശരിയായില്ല. ഇനിമുതൽ കൂടുതൽ പക്വതയോടെ പെരുമാറുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിണറായിസം തിരിച്ചടിയായെന്ന് വിമർശനമുയർന്നു. കനത്ത തോൽവിക്ക് കാരണം പിണറായി വിജയന്റെ വൺമാൻഷോ ആണ്. പിണറായി തീരുമാനിക്കുന്നത് പാർട്ടി തീരുമാനമായി മാറുന്നു. സർക്കാർ എന്നാൽ പിണറായി വിജയൻ എന്നതായിരുന്നു അവസ്ഥ.
ശൈലജ ടീച്ചറെ ഒതുക്കാൻ നേതൃത്വം ഒത്തുകളിച്ചെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി. രണ്ടാം പിണറായി സർക്കാരിൽ ശൈലജയെ മന്ത്രിയാക്കാതിരിക്കാൻ വേണ്ടി മാത്രമാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്നത്. കോടിയേരി ബാലകൃഷ്ണന്റെ അഭാവം പാർട്ടി അറിയുന്നുണ്ട്. നേതാക്കൾ പോകുന്നെങ്കിൽ പോട്ടെ എന്ന നിലപാട് കോടിയേരി സ്വീകരിക്കില്ലായിരുന്നുവെന്നും വിമർശനം ഉയർന്നു.
നേതാക്കളുടെ സംസാര ശൈലി മാറണമെന്ന് എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ഡിവൈഎഫ്ഐയുടെ പ്രവർത്തനരീതി കുറച്ചുകൂടി മെച്ചപ്പെടണം. യുവജനങ്ങൾക്കിടയിൽ ഡിവൈഎഫ്ഐ സംഘടനാപരമായി ഇറങ്ങിച്ചെല്ലണം. പൊതിച്ചോർ വിതരണത്തിനും സാമൂഹ്യപ്രവർത്തനങ്ങക്കും അപ്പുറം ഇടപെടലുകൾ ഡിവൈഎഫ്ഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു.
പിണറായിക്കെതിരേയും രൂക്ഷവിമർശനം ഉണ്ടായി. പിണറായിക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളത്? പ്രായപരിധിയിൽ എന്തിന് പിണറായിക്ക് മാത്രം ഇളവ് നൽകിയെന്നും ചോദ്യമുണ്ടായി. പിണറായിയെ അല്ലാതെ മറ്റാരെ പ്രതിപക്ഷ നേതാവാക്കും എന്നായിരുന്നു ഇതിനോടുള്ള എം.വി ഗോവിന്ദന്റെ മറുചോദ്യം.