Thanks for watching! Content unlocked for this session.

നാഗപഞ്ചമി: നാഗദോഷങ്ങൾ അകറ്റാനും ഐശ്വര്യത്തിനുമായി വീട്ടിൽ ചെയ്യേണ്ട വഴിപാടുകളും മന്ത്രങ്ങളും

കുടുംബപരമ്പരകളായി തുടർന്നുപോരുന്ന നാഗദോഷങ്ങൾ പരിഹരിക്കുന്നതിനും നാഗദേവതകളുടെ അനുഗ്രഹം നേടുന്നതിനുമുള്ള ഏറ്റവും സവിശേഷമായ ദിനമാണ് നാഗപഞ്ചമി. ശ്രാവണമാസത്തിലെ ശുക്ലപക്ഷ പഞ്ചമി തിഥിയിലാണ് ഈ ദിവസം ആചരിക്കുന്നത്. ഈ ദിനത്തിൽ സന്ധ്യയ്ക്ക് വീട്ടിൽ വിളക്കുവെച്ച് പ്രത്യേക മന്ത്രങ്ങൾ ജപിക്കുന്നത് കുടുംബത്തിന് ഐശ്വര്യവും നാഗദേവതകളുടെ കാവലും നൽകുമെന്നാണ് വിശ്വാസം.

പരീക്ഷിത്ത് രാജാവിന്റെ മരണത്തിന് പ്രതികാരമായി മകൻ ജനമേജയൻ നടത്തിയ സർപ്പസത്ര യാഗത്തിൽ നിന്നും സർപ്പവംശത്തെ ജ്ഞാനിയായ ആസ്തികൻ എന്ന ബാലൻ രക്ഷപ്പെടുത്തിയ ദിനമാണ് നാഗപഞ്ചമിയായി ആചരിക്കുന്നത്. ജാതകത്തിലെ രാഹുകേതു ദോഷങ്ങൾ, കാളസർപ്പയോഗം എന്നിവ പരിഹരിക്കാനും, ചർമ്മരോഗങ്ങൾ ഭേദമാക്കാനും, വിവാഹതടസ്സങ്ങളും സന്താനദുരിതങ്ങളും അകറ്റാനും നാഗപഞ്ചമി വ്രതാനുഷ്ഠാനങ്ങൾ സഹായിക്കുമെന്ന് ജ്യോതിഷത്തിൽ പറയുന്നു.

നാഗക്ഷേത്രങ്ങളിൽ പോകാൻ സാധിക്കാത്തവർക്ക് വീട്ടിൽ തന്നെ ലളിതമായ രീതിയിൽ ഈ ദിവസം പൂജകൾ ചെയ്യാം. സന്ധ്യയ്ക്ക് മുൻപായി വീടും പരിസരവും വൃത്തിയാക്കി, കിഴക്കോട്ടും പടിഞ്ഞാറോട്ടും രണ്ട് തിരിയിട്ട് നെയ്യോ എള്ളെണ്ണയോ ഒഴിച്ച് വിളക്ക് തെളിക്കുക. വിളക്കിന് മുന്നിൽ പശുവിൻ പാൽ, കരിക്ക്, മലർ എന്നിവ സമർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്. തുടർന്ന് “ഓം നവകുലായ വിത്മഹേ വിഷദന്തായ ധീമഹി തന്നോ സർപ്പപ്രചോദയാത്” എന്ന നാഗഗായത്രി മന്ത്രം 9, 11 അല്ലെങ്കിൽ 108 തവണ ജപിക്കുന്നത് സർവ്വ ദോഷങ്ങളും അകറ്റി ഐശ്വര്യം പ്രധാനം ചെയ്യും.