Thanks for watching! Content unlocked for this session.

ഗാസയുടെ 70 ശതമാനവും പിടിച്ചെടുക്കാൻ നെതന്യാഹു ഉത്തരവ്

ഗാസാ മുനമ്പിന്റെ 70 ശതമാനവും സൈനിക ഭരണത്തിന് കീഴിലാക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ സൈന്യത്തിന് ഉത്തരവിട്ടു. വെസ്റ്റ് ബാങ്കിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഈ നിർണായക പ്രഖ്യാപനം നടത്തിയത്.

നിലവിൽ ഗാസയിലെ 60 ശതമാനം പ്രദേശം ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇത് ഘട്ടം ഘട്ടമായി വർദ്ധിപ്പിച്ച് 70 ശതമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ പൂർണമായും ഇല്ലാതാക്കുന്നത് വരെ സൈനിക നീക്കങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെടിനിർത്തൽ ചർച്ചകൾ പരോക്ഷമായി നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രായേലിന്റെ ഈ നീക്കം സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബറിൽ ധാരണയായ വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണിതെന്ന് ഹമാസ് ആരോപിച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷം നടന്ന ഇസ്രായേൽ ആക്രമണങ്ങളിൽ മാത്രം തൊളായിരത്തോളം പാലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗാസക്ക് പുറമേ തെക്കൻ ലെബനനിലും ഇസ്രായേൽ ആക്രമണം ശക്തമാക്കി. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിൽ 120 ലധികം വ്യോമാക്രമണങ്ങളാണ് നടത്തിയത്. തെക്കൻ ലെബനനിലെ ഭൂരിഭാഗം പ്രദേശങ്ങളെയും യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അവിടുത്തെ താമസക്കാരോട് ഉടൻ വടക്കൻ ഭാഗങ്ങളിലേക്ക് മാറിത്താമസിക്കാൻ ഇസ്രായേൽ സൈന്യം നിർദ്ദേശിച്ചു. മിസൈലുകളും വ്യോമാക്രമണങ്ങളും കൊണ്ട് ഗാസയും ലെബനനും ഒരുപോലെ കത്തിയെരിയുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം വലിയ ആശങ്കയിലാണ്.