Thanks for watching! Content unlocked for this session.

ആ നമ്പർ ആർക്കും വേണ്ട! വിഡിഎസ് സർക്കാരിൽ പതിമൂന്നാം നമ്പർ കാർ ഏറ്റെടുക്കാതെ മന്ത്രിമാർ

വി ഡി സതീശൻ സർക്കാരിൽ പതിമൂന്നാം നമ്പർ കാർ ആർക്കും വേണ്ട. ടൂറിസം വകുപ്പ് 13ാം നമ്പർ കാർ തയ്യാറാക്കി നിർത്തിയിരുന്നുവെങ്കിലും മന്ത്രിമാർ ആരും ഏറ്റെടുത്തില്ല.

നേരത്തെ ഉമ്മൻചാണ്ടി സർക്കാരിലും 13ആം നമ്പർ വാഹനം ആരും ഉപയോഗിച്ചിരുന്നില്ല. എന്നാൽ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് രണ്ട് തവണയും മന്ത്രിമാർ 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങിയിരുന്നു.

കഴിഞ്ഞ പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് 13ആം നമ്പർ കാറിൽ സഞ്ചരിച്ചത്. ആദ്യ പിണറായി സർക്കാരിൽ ധന വകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസകാണ് പതിമൂന്നാം നമ്പർ ചോദിച്ചു വാങ്ങിയത്. 2006ലെ വി എസ് അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബി സഞ്ചരിച്ചതും 13ആം നമ്പർ വാഹനത്തിലാണ്.

അശുഭമാണെന്ന അന്ധവിശ്വാസം കാരണമാണ് 13 എന്ന നമ്പർ പലരും ഒഴിവാക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ ഒന്നാം നമ്പറിലും പി കെ കുഞ്ഞാലിക്കുട്ടി രണ്ടാം നമ്പറിലും യാത്ര ചെയ്യും. 51ാം നമ്പർ വേണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടിട്ടുണ്ട്. 11 വേണമെന്ന് കെ മുരളീധരനും 9 വേണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.