ഒമാനിലെ ജലാൻ ബാനി ബൂ അലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാസർഗോഡ് സ്വദേശിയായ മലയാളി യുവാവിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പ് പ്രവാസി സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുന്നു. കാസർഗോഡ് പനത്തടി ചാമുണ്ടിക്കുന്ന് പുളിക്കാവ് വെള്ളാവൂർ ഹൗസിൽ മോഹനൻ-ജയശ്രീ ദമ്പതികളുടെ മകനായ ഹരീഷ് കുമാർ (36) എന്ന യുവാവാണ് ഒമാനിൽ ജീവിതം അവസാനിപ്പിച്ചത്. ജലാൻ ബാനി ബൂ അലിയിലെ ഒരു കടയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
ഒമാനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും മസ്കറ്റ് കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റും കെയർ വിങ് ചെയർമാനുമായ ഇബ്രാഹിം ഒറ്റപ്പാലം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷിന്റെ അവസാന ആഗ്രഹത്തിന്റെ വിവരങ്ങൾ പുറംലോകം അറിഞ്ഞത്. വർഷങ്ങളായി നൂറുകണക്കിന് പ്രവാസികളുടെ മരണാനന്തര നിയമനടപടികൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഇബ്രാഹിമിനെപ്പോലും മാനസികമായി തളർത്തുന്നതായിരുന്നു ഹരീഷിന്റെ പോക്കറ്റിൽ നിന്നും കണ്ടെത്തിയ ആ കടലാസ് തുണ്ട്. താൻ മരിച്ചുകഴിഞ്ഞാൽ തന്റെ മൃതദേഹം മെഡിക്കൽ കോളേജിൽ പഠിക്കാൻ കൊടുക്കണമെന്ന് അമ്മയോട് പറയണമെന്നാണ് ഹരീഷ് ആ കുറിപ്പിൽ എഴുതിവെച്ചിരുന്നത്.
ഹരീഷിന്റെ ഒമാനി സ്പോൺസറാണ് മരണവിവരം ആദ്യം ഇബ്രാഹിം ഒറ്റപ്പാലത്തെ വിളിച്ച് അറിയിച്ചത്. മരണാനന്തര ചടങ്ങുകൾക്കായുള്ള പേപ്പർ വർക്കുകൾ ആരംഭിക്കുന്നതിനിടയിലാണ് ഹരീഷിന്റെ പോക്കറ്റിൽ നിന്നും ഈ കുറിപ്പ് കണ്ടെത്തിയത്. തുടർന്ന് സ്പോൺസർ ഈ കുറിപ്പിന്റെ ചിത്രം വാട്സ്ആപ്പ് വഴി അയച്ചുകൊടുക്കുകയും, ഹരീഷിന്റെ കുടുംബത്തിന്റെ ഫോൺ നമ്പർ കൈമാറി ബാക്കി കാര്യങ്ങൾ ഉചിതമായി കൈകാര്യം ചെയ്യാൻ ഇബ്രാഹിമിനെ ചുമതലപ്പെടുത്തുകയുമായിരുന്നു. പ്രവാസലോകത്തെ ഏകാന്തതയും നിസ്സഹായതയും തുറന്നുകാട്ടുന്ന ഈ സംഭവം വലിയ നോവായി മാറിയിരിക്കുകയാണ്.