തിരുവനന്തപുരത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടരുന്നു. കോവളം, വർക്കല, വിമാനത്താവളം എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രാദേശിക ഡ്രൈവർമാർ ഓൺലൈൻ ടാക്സികളെ തടയുകയും ഡ്രൈവർമാരെ ആക്രമിക്കുകയും ചെയ്യുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ യാത്രക്കാരുമായി വന്ന ഓൺലൈൻ ടാക്സി ഡ്രൈവറെ പ്രാദേശിക ടാക്സി തൊഴിലാളികൾ ക്രൂരമായി മർദിച്ചു. ഇതിനു മുമ്പും സമാനമായ നിരവധി സംഭവങ്ങൾ വർക്കലയിലും കോവളത്തും ഉണ്ടായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഡ്രൈവർമാരെ വളഞ്ഞിട്ട് അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കാണാം.
തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിൽ ഓൺലൈൻ ടാക്സികൾക്ക് പ്രവേശനമില്ല. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും പ്രാദേശിക ഡ്രൈവർമാർക്ക് തർക്കത്തിന് അവസരമൊരുക്കുകയും ചെയ്യുന്നു. മറ്റു പ്രധാന വിമാനത്താവളങ്ങളിൽ ഓൺലൈൻ ടാക്സികൾക്ക് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്.
ഇതിനിടെ, സഹകരണ മാതൃകയിൽ അധിഷ്ഠിതമായ ഭാരത് ടാക്സി ഉടൻ ഇന്ത്യയൊട്ടാകെ സേവനം ലഭ്യമാക്കും. കമ്മീഷനോ സർജ് ചാർജോ ഇല്ലാത്ത ഈ സംവിധാനം നിലവിൽ ഡൽഹിയിലും ഗുജറാത്തിലും ലഭ്യമാണ്. ഓൺലൈൻ ടാക്സികളെ തടയുന്നവർക്ക് ഒന്നുകിൽ ഓൺലൈൻ ടാക്സി ഓടിക്കാം, അല്ലെങ്കിൽ മറ്റു ജോലി തേടേണ്ടി വരും. പഴയ ടാക്സി സംവിധാനം ഇനി നിലനിൽക്കില്ല.