Thanks for watching! Content unlocked for this session.

പാളയം മാർക്കറ്റിൽ നഗരസഭയുടെ പൊളിക്കൽ നടപടി; മേയർക്കെതിരെ കച്ചവടക്കാരുടെ ശക്തമായ പ്രതിഷേധം

തിരുവനന്തപുരം നഗരസഭയുടെ പരിധിയിലുള്ള പാളയം മാർക്കറ്റിലെ താൽക്കാലിക കച്ചവട സ്ഥാപനങ്ങൾ നഗരസഭാ അധികൃതർ പൊളിച്ചുനീക്കിയതിനെ തുടർന്ന് വ്യാപാരികളുടെ ശക്തമായ പ്രതിഷേധം. മേയർ ആര്യ രാജേന്ദ്രന് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ‘റീൽസ്’ ചെയ്യാനുള്ള തത്രപ്പാടാണ് ഈ നടപടിക്ക് പിന്നിലെന്ന് ആരോപിച്ച കച്ചവടക്കാർ, കോർപ്പറേഷന്റേത് ഗുണ്ടാരാജാണെന്ന് കുറ്റപ്പെടുത്തി രംഗത്തെത്തി.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നൂറ് കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിനുള്ളിൽ കച്ചവടം നടത്താൻ ആവശ്യമായ സൗകര്യങ്ങളില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കാറ്റ് കടക്കാത്ത ഇടുങ്ങിയ മുറികളും അശാസ്ത്രീയമായ നിർമ്മാണവും കാരണം കച്ചവടം പകുതിയിലധികമായി കുറഞ്ഞതോടെയാണ് തങ്ങൾ പുറത്ത് താൽക്കാലിക ഷെഡുകൾ കെട്ടി കച്ചവടം ചെയ്യാൻ നിർബന്ധിതരായതെന്ന് ഇവർ വ്യക്തമാക്കുന്നു.

തലമുറകളായി പാളയം മാർക്കറ്റിനെ ആശ്രയിച്ചു ജീവിക്കുന്ന തങ്ങളെ പുനരധിവസിപ്പിക്കാതെ വഴിയാധാരമാക്കുകയാണെന്ന് കച്ചവടക്കാർ ആരോപിച്ചു. നഗരത്തിൽ വലിയ രീതിയിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ചാല മാർക്കറ്റിലെ അനധികൃത കയ്യേറ്റങ്ങൾ പൊളിക്കാൻ ധൈര്യമില്ലാത്ത മേയറും അധികൃതരുമാണ് തങ്ങളുടെ നെഞ്ചത്ത് കയറുന്നതെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.