എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച രാവിലെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം വഴുതക്കാട്ടെ വാടക വീട്ടിലെത്തി മൊഴിയെടുക്കുന്നു. സിഎംആർഎൽ (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടിൽ ലിമിറ്റഡ്) കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പിണറായി വിജയനും മകൾ വീണാ വിജയനും വീട്ടിലുണ്ട്. കണ്ണൂർ പാണ്ടിയാല മുക്കിലെ വീട്ടിലും മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. ആകെ 12 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ്.
കഴിഞ്ഞ ദിവസം ഹൈക്കോടതി സിഎംആർഎലിന്റെ ഹർജി തള്ളിയതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസും സിഎംആർഎലും തമ്മിലുള്ള ഇടപാടുകളിൽ ഇഡിക്ക് അന്വേഷണം തുടരാമെന്നായിരുന്നു കോടതി ഉത്തരവ്. ഇതോടെ മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് തടസ്സം നീങ്ങി.
ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചത്, തടസ്സങ്ങളില്ലാതെ അന്വേഷണം മുന്നോട്ടുപോയാൽ പിണറായി വിജയൻ പ്രതിയാകുമെന്നും അറസ്റ്റിലാകുമെന്നുമാണ്. പിണറായി വിജയൻ നേരത്തെ ഇത് രാഷ്ട്രീയ വേട്ടയാടലാണെന്ന് ആരോപിച്ചിരുന്നു. ഇഡിയുടെ നടപടി കേരള രാഷ്ട്രീയത്തിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.