മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇസഡ് പ്ലസ് സുരക്ഷ പൂർണമായും പിൻവലിച്ചു. പ്രതിപക്ഷ നേതാവായതോടെയാണ് അദ്ദേഹത്തിന് നൽകിയിരുന്ന അതിസുരക്ഷ ഒഴിവാക്കി വൈ കാറ്റഗറി സുരക്ഷ നൽകിയത്. ഗൺമാന്മാർക്ക് പകരം രണ്ട് പിഎസ്ഒമാരെ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
2023 ഡിസംബർ 5 ന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം നവകേരള സദസ്സ് പരിപാടിക്കെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ പ്രതിഷേധിച്ച കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവലും ഗൺമാന്മാരുടെ ക്രൂര മർദ്ദനത്തിന് ഇരയായി. അന്ന് മർദ്ദനമേറ്റ എഡി തോമസ് ഇപ്പോൾ ആലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്.
വിഡി സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഈ സംഭവത്തിൽ അന്വേഷണ സംഘത്തെ രൂപീകരിച്ച് കൃത്യമായ അന്വേഷണം നടത്താൻ തീരുമാനിച്ചു. എസ്പി എപി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഗൺമാന്മാർക്കെതിരെ മാത്രമല്ല, ഗൂഢാലോചനയ്ക്കും കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കാൻ ഉത്തരവിട്ടതിനും പിണറായി വിജയനെതിരെ കേസെടുക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ആലപ്പുഴ സൗത്ത് പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും തിരുവനന്തപുരത്ത് നിന്നുള്ള ഉന്നത ഇടപെടലുകളെ തുടർന്ന് അന്വേഷണം അട്ടിമറിക്കപ്പെട്ടു.
അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ സംഭവത്തെ രക്ഷാപ്രവർത്തനമെന്ന് ന്യായീകരിക്കുകയും താൻ മർദ്ദനം കണ്ടില്ലെന്ന് പറയുകയും ചെയ്തു. എന്നാൽ ചാനലുകൾ പകർത്തിയ ദൃശ്യങ്ങൾ വ്യത്യസ്തമായ കഥയാണ് പറഞ്ഞത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ജയ്ഹിന്ദ് ടിവി ക്യാമറാമാൻ ജോജിക്ക് നേരെ ഭീഷണി ഉയർന്നു. പരിചയക്കാരായ ചില പോലീസുകാർ ഉപദേശരൂപേണ തന്നെ ഭയപ്പെടുത്തിയെന്നും ലോറി കയറ്റിക്കൊല്ലുമെന്ന പരോക്ഷ ഭീഷണി ഉണ്ടായെന്നും ജോജി തുറന്നുപറഞ്ഞു.
ഇതിനിടെ ഗൺമാൻ സന്ദീപിനെ പിണറായിയുടെ സുരക്ഷാ സംഘത്തിൽ നിന്ന് ഒഴിവാക്കി. എന്നാൽ മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ അനിൽകുമാർ ഇപ്പോഴും പിണറായിക്കൊപ്പം തുടരുന്നു. ഇരുവർക്കും വകുപ്പുതല നടപടികൾ നേരിടേണ്ടിവരും.
ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ സിപിഎം നേതാവ് പി മോഹനനെ നടുറോഡിൽ വെച്ച് അറസ്റ്റ് ചെയ്ത എപി ഷൗക്കത്തലിയാണ് ഇപ്പോൾ അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. 2020 ലെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത അദ്ദേഹം നേരത്തെ സിപിഎമ്മിന്റെ വിമർശനത്തിന് പാത്രമായിട്ടുണ്ട്.