കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നു പറന്നതിനെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലെ വീടിന്റെ മേൽക്കുര തകർന്നു.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ലാൻഡിങ്ങിനായി എത്തിയ വിമാനം സാധാരണ പരിധിയിലും താഴെ പറന്നതാണ് അപകടത്തിന് കാരണമായത്. ശക്തമായ വായുമർദ്ദത്തിലും വേക്ക് ടർബുലൻസിലും ഒക്കൽ സ്വദേശി മാണിക്യത്താൻ എംവി ജോയുടെ വീടിന്റെ മേൽക്കുരയിലെ 120 ഓളം ഓടുകളാണ് പറന്നുപോവുകയും തകർന്നു വീഴുകയും ചെയ്തത്.
അപകടസമയത്ത് വീട്ടുകാർ അകത്തുണ്ടായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
ഇത്തരമൊരു സംഭവം ഇത് ആദ്യമായല്ലെന്ന് പ്രദേശവാസികൾ പറയുന്നു. പണ്ടാല പ്രസാദ് എന്ന നാട്ടുകാരന്റെ വീടിന്റെ മേൽക്കുരക്ക് മാത്രം മുൻപ് മൂന്നു തവണയാണ് ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചത്. മുൻപ് അപകടങ്ങൾ ഉണ്ടായപ്പോൾ സിയാലിന് പരാതി നൽകിയിരുന്നുവെങ്കിലും യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചില്ലെന്ന ഗുരുതര ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നു.
അന്താരാഷ്ട്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ കൃത്യമായ ഗ്ലൈഡ് പാത്ത് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ചില വിമാനങ്ങൾ ജനവാസ മേഖലയ്ക്ക് മുകളിലൂടെ നിശ്ചിത പരിധിയിലും താഴെ പറക്കുന്നതാണ് പ്രതിസന്ധിക്ക് പിന്നിലെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തുടർച്ചയായുണ്ടാകുന്ന നാശനഷ്ടങ്ങളിൽ സിയാൽ അധികൃതർ കാണിക്കുന്ന നിസംഗതക്കെതിരെ ഒക്കൽ നമ്പിള്ളി കവലയിലെ ജനങ്ങൾ കൂട്ടായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. വില്ലേജ് അധികൃതരെയും തദ്ദേശ സ്വയംഭരണ പ്രതിനിധികളെയും ഉൾപ്പെടുത്തി സിയാൽ മാനേജ്മെന്റിനും എറണാകുളം ജില്ലാ കളക്ടർക്കും സംയുക്ത നിവേദനം നൽകാനാണ് തീരുമാനം.
എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള റഡാർ വിവരങ്ങൾ ശേഖരിച്ച് കുറ്റക്കാരായ എയർലൈൻസിനെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഇതു തുടർന്നാൽ റൺവേ ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരമുറകളിലേക്ക് നീങ്ങുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു. ഒക്കൽ മേഖലയിലെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സിയാൽ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.