പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗർഭിണി സോന (27) മരിച്ച സംഭവത്തിൽ തീപിടിത്തത്തിനു കാരണം പെട്രോൾ എന്ന് പൊലീസ് നിഗമനം. കാറിനു ഇന്ധന ചോർച്ച ഇല്ലെന്നും ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ചതല്ലെന്നും ഫൊറൻസിക്, മോട്ടർ എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ തീ കത്താൻ ഉപയോഗിച്ച പെട്രോൾ എങ്ങനെ കാറിലെത്തിയെന്നു കണ്ടെത്താനാണ് പൊലീസ് അന്വേഷണം.
കാറിന്റെ പിൻഭാഗത്തുനിന്നു തീ പടർന്നെന്നും ശബ്ദം കേട്ടതായും സംഭവ ദിവസം സ്ഥലത്തെത്തിയവർ പൊലീസിനോട് പറഞ്ഞിരുന്നു. എസി, റേഡിയേറ്റർ, വയറിങ്, എൻജിൻ റൂം എന്നിവയ്ക്കു തകരാറില്ലെന്നു മോട്ടർ വാഹന വകുപ്പും വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് പെട്രോൾ പമ്പുകളിലും ടൗണിലെ സിസിടിവിയും പരിശോധിച്ചിട്ടുണ്ട്. വാഹനത്തിൽ എത്താതെ പമ്പിലെത്തി പെട്രോൾ വാങ്ങിയ ചിലരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നടുവണ്ണൂർ റോഡിനു സമീപം കന്നാസുമായി പോകുന്ന സിസിടിവിയിൽ പതിഞ്ഞ സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതൽ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. ഭർത്താവ് രജിൻലാൽ കാറിൽ അവിടെ ഇറക്കിയതായും രാത്രി 7.30ന് വന്നു തിരികെക്കൂട്ടിയെന്നും ബന്ധുവായ യുവതിയുടെ മൊഴിയുണ്ട്. അന്നു വൈകിട്ട് തന്റെയൊപ്പം പേരാമ്പ്രയിൽ പോയി സാധനങ്ങൾ വാങ്ങി. താൻ ഫാൻസി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന എവിടെപ്പോയെന്ന് അറിയില്ലെന്നും യുവതി പറഞ്ഞു.
തിരികെവന്ന ശേഷമാണു രജിൻലാലിന് ഒപ്പം സോന മടങ്ങിപ്പോയത്. പേരാമ്പ്ര ബന്ധുവിനൊപ്പം പോയ സോന തനിച്ച് എവിടെപ്പോയെന്നതിലും രാത്രി 7.30ന് ഇളയമ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ സോനയും രജിനും പിന്നീട് 2 മണിക്കൂറോളം എവിടെ ചെലവഴിച്ചെന്നതിലും വ്യക്തതയില്ല.
അപകടത്തിൽ 65 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ മൊഴി അന്വേഷണത്തിൽ നിർണായകമാകും.