Thanks for watching! Content unlocked for this session.

ആശാ വർക്കർമാരുടെ വിജയാഘോഷത്തിൽ പ്രേംകുമാർ; സിപിഎമ്മിനെതിരെ രൂക്ഷവിമർശനം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഒത്തുചേർന്ന് 266 ദിവസം നീണ്ട സമരത്തിന്റെ വിജയം ആഘോഷിച്ചു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ആശമാർ വിജയാഘോഷം നടത്തിയത്. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ നടനും മുൻ സിപിഎം സഹയാത്രികനുമായ പ്രേംകുമാർ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു.

സിപിഎമ്മിനെതിരെ ഇപ്പോൾ ഉയരുന്ന ഓരോ വാക്കുകളും തഴയപ്പെട്ടവരിൽ നിന്നുമാണെന്ന് പ്രേംകുമാർ പറഞ്ഞു. പാർട്ടി നേതാക്കൾക്ക് വേണ്ടവരെ മാത്രം ചേർത്തു നടത്തുന്ന രീതിക്കെതിരെയും പ്രമാണിമാരോടും ഉന്നതരോടും ഒരു നീതിയും സാധാരണക്കാരോട് മറ്റൊരു നീതിയും കാണിക്കുന്ന സമീപനത്തെയും അദ്ദേഹം വിമർശിച്ചു.

സഹയാത്രികനായിരുന്നപ്പോൾ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഉൾപ്പെടെയുള്ള ഉത്തരവാദപ്പെട്ട പലരോടും ആശാസമരം ഒത്തുതീർപ്പാക്കാൻ നടപടി ഉണ്ടാക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രേംകുമാർ വെളിപ്പെടുത്തി. കൊച്ചിയിൽ നടന്ന മഹാസാംസ്കാരിക സംഗമത്തിന്റെ ആലോചനായോഗത്തിൽ വെച്ച് എംഎ ബേബിയോടും അന്നത്തെ സാംസ്കാരിക മന്ത്രി സജി ചെറിയാനോടും താൻ ഇക്കാര്യം അഭ്യർത്ഥിച്ചെങ്കിലും അവർ കണക്കുകൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനമാനങ്ങൾക്ക് വേണ്ടിയായിരുന്നെങ്കിൽ പലരെയും പോലെ മിണ്ടാതിരിക്കാമായിരുന്നുവെന്നും എന്നാൽ ധാർമികത മൂലം അതിന് കഴിഞ്ഞില്ലെന്നും പ്രേംകുമാർ പറഞ്ഞു. യേശുക്രിസ്തുവാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും അദ്ദേഹം വ്യക്തമാക്കി. ആശമാരുടെ കണ്ണീരിന് പുല്ലുവില നൽകിയ മുൻ സർക്കാരിനെ ഒഴുക്കിക്കളഞ്ഞത് അവരുടെ കണ്ണീർപ്പുഴയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജലപീരങ്കി ഉൾപ്പെടെ ഉപയോഗിച്ച് സമരം അടിച്ചമർത്താൻ മുൻസർക്കാർ ശ്രമിച്ച അതേ ഇടത്തുവെച്ചാണ് ആശമാർ വിജയാഘോഷം നടത്തിയത്. 266 ദിവസം നീണ്ട ഈ സമരത്തെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തവർക്കുള്ള മറുപടിയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലമെന്നും പ്രേംകുമാർ ചൂണ്ടിക്കാട്ടി.

തെരുവുകളിൽ നിന്നാണ് ചരിത്രത്തെ മാറ്റിമറിച്ച വലിയ സമരങ്ങൾ രൂപപ്പെട്ടിട്ടുള്ളതെന്നും ആശാവർക്കർമാരുടെ ഈ സമരം കേരള രാഷ്ട്രീയ ദിശ തന്നെ മാറ്റിയ ഒന്നായി ചരിത്രത്തിൽ ഇടംപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.