കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഗ്രേറ്റർ നിക്കോബാർ പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കഴിഞ്ഞ മാസം ദ്വീപ് സന്ദർശിച്ച രാഹുൽ ഗാന്ധി, അവിടുത്തെ പരിസ്ഥിതി നാശത്തെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. പദ്ധതിക്കായി ഒരു കോടിയിലധികം മരങ്ങൾ വെട്ടിമാറ്റേണ്ടി വരുമെന്നും ഇത് വൻ പാരിസ്ഥിതിക ദുരന്തത്തിന് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നരേന്ദ്ര മോദി സർക്കാർ വ്യവസായിയായ അദാനിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കേരളത്തിലെ വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് ഇതിനകം തന്നെ ഒരു ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് നിർമ്മിക്കുമ്പോൾ, സമാനമായ മറ്റൊരു പോർട്ട് എന്തിനാണ് ആൻഡമാൻ നിക്കോബാറിൽ നിർമ്മിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രതിരോധ ആവശ്യങ്ങൾക്കായുള്ള പദ്ധതിയിൽ കാസിനോകളും റിസോർട്ടുകളും ഹോട്ടലുകളും ഉൾപ്പെടുത്തിയത് ആരെ സഹായിക്കാനാണെന്നും അദ്ദേഹം ചോദ്യം ചെയ്തു.
ദേശീയ സുരക്ഷയ്ക്കാണ് പ്രാധാന്യമെങ്കിൽ കഴിഞ്ഞ അഞ്ച് വർഷമായി വികസന ഫണ്ട് ആവശ്യപ്പെടുന്ന ഐഎൻഎസ് ബാസ് പോലുള്ള നിലവിലുള്ള സൈനിക കേന്ദ്രങ്ങൾക്ക് കൂടുതൽ ഫണ്ട് നൽകി ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. കൂടാതെ, ഈ പദ്ധതി പ്രദേശത്തെ തദ്ദേശീയ ഗോത്രവിഭാഗമായ ‘ഷോംബൻ’ സമൂഹത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും യുനെസ്കോ അംഗീകരിച്ച ഈ സംരക്ഷിത മേഖലയുടെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.