Thanks for watching! Content unlocked for this session.

രൂപയുടെ മൂല്യത്തകർച്ച തടയാൻ ആർബിഐ സ്വർണം വിറ്റെന്ന റിപ്പോർട്ട് വ്യാജം: വിശദീകരണവുമായി കേന്ദ്ര ബാങ്ക്

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) രഹസ്യമായി 12 ബില്യൺ ഡോളറിന്റെ സ്വർണം വിറ്റഴിച്ചെന്ന ബ്ലൂംബെർഗ് റിപ്പോർട്ട് തള്ളി അധികൃതർ. ഈ വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ആർബിഐയും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും (പിഐബി) ഔദ്യോഗിക കണക്കുകൾ നിരത്തി വ്യക്തമാക്കി.

ആർബിഐയുടെ പ്രതിമാസ ബുള്ളറ്റിൻ പ്രകാരം രാജ്യത്തിന്റെ സ്വർണ്ണശേഖരത്തിൽ കുറവുണ്ടായിട്ടില്ല, മറിച്ച് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശനാണ്യ ശേഖരത്തിലെ സ്വർണ്ണത്തിന്റെ പങ്ക് മാർച്ച് 31-ലെ 16.70 ശതമാനത്തിൽ നിന്നും മെയ് മാസത്തിൽ 16.85 ശതമാനമായി ഉയരുകയാണ് ചെയ്തത്. മെയ് 22-ന് വൻതോതിൽ സ്വർണം വിറ്റഴിച്ചെന്ന അമേരിക്കൻ മാധ്യമമായ ബ്ലൂംബെർഗിന്റെ വാദങ്ങളെ ഈ കണക്കുകൾ പൂർണ്ണമായും തിരുത്തുന്നു.

രൂപയുടെ മൂല്യമിടിയുന്നത് ആശങ്കാജനകമല്ലെന്നും അത് കയറ്റുമതിക്ക് ഗുണം ചെയ്യുമെന്നും നിതി ആയോഗ് മുൻ സിഇഒ അടക്കമുള്ള സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി അതിവേഗം കുതിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ച് ജനങ്ങളിൽ ഭീതി പരത്താനുള്ള വിദേശ മാധ്യമങ്ങളുടെ ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം വ്യാജ റിപ്പോർട്ടുകൾ പുറത്തുവരുന്നതെന്നാണ് വിലയിരുത്തൽ.