Thanks for watching! Content unlocked for this session.

കടലാസ് നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് കറൻസി; പുതിയ പദ്ധതിയുമായി റിസർവ് ബാങ്ക്

രാജ്യത്ത് നിലവിലുള്ള കടലാസ് നോട്ടുകൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്ന പ്ലാസ്റ്റിക് (പോളിമർ) കറൻസി നോട്ടുകൾ അവതരിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പദ്ധതിയിടുന്നു. കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനുള്ള ഭീമമായ ചെലവ് കുറയ്ക്കുന്നതിനും നോട്ടുകളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനുമായാണ് ഈ സുപ്രധാന നീക്കം. ആദ്യഘട്ടത്തിൽ കൂടുതൽ വിനിമയം നടക്കുന്ന 10, 20 രൂപ നോട്ടുകളിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കുക. ഇത് വിജയകരമായാൽ വൈകാതെ തന്നെ 100, 500 രൂപ നോട്ടുകളും പ്ലാസ്റ്റിക്കിലേക്ക് മാറ്റാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.

കടലാസ് നോട്ടുകൾ അച്ചടിക്കുന്നത് റിസർവ് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം നോട്ടടി ചെലവ് 6372.8 കോടി രൂപയായി വർദ്ധിച്ചു. ശരാശരി ആറുമാസം മാത്രം ആയുസ്സുള്ള ഇന്ത്യൻ കറൻസികളിൽ 23.8 ബില്യൺ നോട്ടുകളാണ് ഒരു വർഷം ഉപയോഗശൂന്യമായി നശിപ്പിക്കപ്പെടുന്നത്. ഇതിന് പരിഹാരമായി കൊണ്ടുവരുന്ന ബയോക്സിയലി ഓറിയന്റഡ് പോളിപ്രൊഫൈലിൻ (BOPP) നോട്ടുകൾക്ക് സാധാരണ നോട്ടുകളേക്കാൾ നാലിരട്ടി ആയുസ്സുണ്ടാകും. ഇവ വെള്ളവും അഴുക്കും പ്രതിരോധിക്കുന്നതിനൊപ്പം കള്ളനോട്ടുകൾ തടയാൻ സഹായിക്കുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ളവയുമാണ്.

നനഞ്ഞാലും കേടുപാടുകൾ സംഭവിക്കാത്തതും പൂർണ്ണമായി റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നതുമാണ് ഈ നോട്ടുകളെങ്കിലും ചില വെല്ലുവിളികളും ഇവ ഉയർത്തുന്നുണ്ട്. പ്ലാസ്റ്റിക് നോട്ടുകൾ എണ്ണുമ്പോൾ പരസ്പരം ഒട്ടിപ്പിടിക്കാനും ഉയർന്ന ചൂടിൽ ചുരുങ്ങിപ്പോകാനും സാധ്യതയുണ്ട്. കൂടാതെ, ഈ നോട്ടുകൾ വിതരണം ചെയ്യുന്നതിനായി രാജ്യത്തെ ലക്ഷക്കണക്കിന് എടിഎമ്മുകളുടെ സെൻസറുകൾ നവീകരിക്കേണ്ടതുണ്ട്. മുൻപ് 2012-ൽ കൊച്ചി ഉൾപ്പെടെ അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പത്ത് രൂപയുടെ പോളിമർ നോട്ടുകൾ ഇറക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും സാങ്കേതിക പരിമിതികൾ കാരണം അത് മാറ്റിവെക്കുകയായിരുന്നു. നിലവിൽ ഓസ്ട്രേലിയ, കാനഡ, സിംഗപ്പൂർ തുടങ്ങിയ നിരവധി രാജ്യങ്ങൾ വിജയകരമായി പോളിമർ നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്.