തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്‍റെ രാഷ്ട്രീയ വളർച്ചയ്ക്ക് തടയിടാൻ അദ്ദേഹത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗത്തെ ബിജെപി പാളയത്തിൽ എത്തിക്കാൻ അണിയറ നീക്കങ്ങൾ സജീവമാകുന്നതായി റിപ്പോർട്ട്. വിജയ്‍റെ വ്യക്തിജീവിതത്തിലെ അകൽച്ചകൾ രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സൂചനകൾ.
വിജയ്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഭാര്യ സംഗീതയും മക്കളും പങ്കെടുക്കാതിരുന്നതും, എന്നാൽ നടി തൃഷാ കൃഷ്ണൻ മുഖ്യാതിഥിയായി എത്തിയതും തമിഴകത്ത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സംഗീതയെ ബിജെപിയിലേക്ക് കൊണ്ടുവരാൻ മുൻനിര നടിയും നിലവിൽ ബിജെപി നേതാവുമായ ഒരു പ്രമുഖ വ്യക്തിത്വത്തിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ശ്രീലങ്കൻ തമിഴ് വ്യവസായ കുടുംബാംഗമായ സംഗീത ബിജെപിയിൽ ചേർന്നാൽ അത് വിജയ്‍റെ കുടുംബനായകൻ എന്ന പ്രതിച്ഛായയെ ബാധിച്ചേക്കാം എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അതേസമയം, വിജയ് രാജിവെച്ച തൃച്ചി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർത്ഥിയായി നടി തൃഷ മത്സരിച്ചേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും, ഒരു വശത്ത് തൃഷയുടെ രാഷ്ട്രീയ പ്രവേശനവും മറുവശത്ത് സംഗീതയെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ നീക്കങ്ങളും തമിഴ്‌നാട് രാഷ്ട്രീയത്തെ കൂടുതൽ ചൂടുപിടിപ്പിക്കുകയാണ്.