Thanks for watching! Content unlocked for this session.

സഭയിൽ ബാലഗോപാലിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ; മുൻ സർക്കാർ വരുത്തിവെച്ച കടം ആര് വീട്ടുമെന്ന് ചോദ്യം

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ധന നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി കെ. എൻ. ബാലഗോപാലിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി. ഡി. സതീശൻ രംഗത്തെത്തി. കേന്ദ്ര സർക്കാരിന്റെ പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ ബാലഗോപാൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകവെയാണ്, മുൻ ഇടത് സർക്കാർ വരുത്തിവെച്ച ഭീമമായ കടം എങ്ങനെ വീട്ടുമെന്ന് സതീശൻ സഭയിൽ ചോദ്യമുന്നയിച്ചത്.

മുൻ യു.ഡി.എഫ് സർക്കാർ ഇന്ധന നികുതി ഇളവുകളിലൂടെ 619 കോടി രൂപ വേണ്ടെന്നുവെച്ച് ജനങ്ങൾക്ക് ആശ്വാസം നൽകിയപ്പോൾ, 2016 മുതൽ 2025 വരെ ഭരിച്ച ഇടത് സർക്കാർ അധിക നികുതി ഇനത്തിൽ ലഭിച്ച 3100 കോടി രൂപയിൽ നിന്നും ഒരു രൂപ പോലും കുറയ്ക്കാൻ തയ്യാറായില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. അന്ന് നികുതി കുറയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടപ്പോൾ അത്തരം ‘മണ്ടത്തരങ്ങൾ’ കാണിക്കില്ലെന്നാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞതെന്നും സതീശൻ ഓർമ്മിപ്പിച്ചു.

നിലവിൽ സിവിൽ സപ്ലൈസ് കോർപ്പറേഷന് (സപ്ലൈകോ) മുൻ സർക്കാർ 2893 കോടി രൂപ കടം വരുത്തിവെച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ കടം വീട്ടിയാൽ മാത്രമേ സപ്ലൈകോയ്ക്ക് വിപണിയിൽ കാര്യക്ഷമമായി ഇടപെടാനും സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാനും സാധിക്കുകയുള്ളൂ എന്നും, അതിനാൽ നികുതി വരുമാനം പൂർണ്ണമായി ഉപേക്ഷിക്കാൻ കഴിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.