സിനിമയിലെ ചിലരുടെ വ്യാജ പ്രചരണങ്ങൾ കാരണം തനിക്ക് അഞ്ചുവർഷത്തെ കരിയർ നഷ്ടമായെന്ന് തുറന്നുപറഞ്ഞ് മുതിർന്ന നടി ശാന്തകുമാരി. തനിക്ക് ഗുരുതരമായ ഹൃദ്രോഗമാണെന്നും ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണെന്നുമുള്ള കള്ളക്കഥ സിനിമാ മേഖലയിലുള്ള ഒരു സ്ത്രീ ബോധപൂർവ്വം പരത്തിയതിനെ തുടർന്നാണ് മികച്ച നിരവധി അവസരങ്ങൾ തനിക്ക് നഷ്ടമായതെന്ന് താരം വെളിപ്പെടുത്തി. ‘തുറുപ്പുകൂലാൻ’ എന്ന ചിത്രത്തിലേക്ക് അഞ്ച് ദിവസത്തെ ഡേറ്റ് നൽകി ഹോസ്റ്റൽ മുറിയിൽ കാത്തിരുന്നിട്ടും തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് താരം ഓർക്കുന്നു.
അന്തരിച്ച നടി സുകുമാരി ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന സമയം മുതലെടുത്താണ് ശാന്തകുമാരിയെക്കുറിച്ച് ഇത്തരമൊരു റൂമർ പ്രചരിപ്പിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തിൽ ‘അമ്മ’ സംഘടനയിൽ നിന്ന് ലഭിച്ച 2000 രൂപ ധനസഹായം കൊണ്ടാണ് അവർ ഹോസ്റ്റൽ വാടക ഒപ്പിച്ചത്. ഒടുവിൽ തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും താൻ ജീവനോടെയുണ്ടെന്നും മാധ്യമങ്ങളെ വിളിച്ച് പരസ്യമായി പറയേണ്ട അവസ്ഥ വരെ ഈ മുതിർന്ന നടിക്ക് ഉണ്ടായി.
സ്വന്തമായി ഒരു വീടെന്ന ആവശ്യവുമായി ഒടുവിൽ കയ്യിൽ പണമില്ലാതെ വൈറ്റിലയിൽ നിന്നും ഇടക്കൊച്ചിയിലെ ലൊക്കേഷനിലെത്തി ശാന്തകുമാരി നടൻ മോഹൻലാലിനെ കാണുകയായിരുന്നു. ഗേറ്റിൽ തടയപ്പെട്ട അവരെ നേരിട്ടുകണ്ട് അകത്തേക്ക് വിളിച്ച മോഹൻലാൽ, സ്ഥലം നൽകിയാൽ വീട് നിർമ്മിച്ച് നൽകാം എന്ന് ഉറപ്പ് നൽകി. തുടർന്ന് ഇളയ മകൾ നൽകിയ സ്ഥലത്ത് മോഹൻലാലിന്റെയും നടി സീമ ജി. നായരുടെയും നേതൃത്വത്തിലാണ് ശാന്തകുമാരിക്ക് വീട് ഒരുങ്ങിയത്. 1977-ൽ ‘ചുവന്ന വിത്തുകൾ’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശാന്തകുമാരിക്ക് അർഹിച്ച പരിഗണന പലപ്പോഴും മലയാള സിനിമ നൽകിയിട്ടില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്.