Thanks for watching! Content unlocked for this session.

നോർവേയിൽ മാധ്യമങ്ങൾക്ക് മറുപടി നൽകിയ പാലാക്കാരൻ; കേന്ദ്ര വിദേശകാര്യ സെക്രട്ടറി സിബി ജോർജിൻ്റെ വാക്കുകൾ വൈറലാകുന്നു

ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും ചോദ്യംചെയ്ത നോർവീജിയൻ മാധ്യമപ്രവർത്തകയ്ക്ക് കേന്ദ്ര വിദേശകാര്യ സെക്രട്ടറി സിബി ജോർജ് നൽകിയ മറുപടി വൈറലായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു സംഭവം.

പ്രധാനമന്ത്രി മോദി തൻ്റെ ചോദ്യത്തിന് മറുപടി നൽകിയില്ലെന്ന നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ്ങിൻ്റെ വിമർശനത്തിന് പിന്നാലെയായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാർത്താസമ്മേളനം വിളിച്ചതും ചോദ്യങ്ങൾക്ക് മറുപടി നൽകിയതും. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം അടക്കം ചൂണ്ടിക്കാട്ടി ഹെല്ലെ ലിങ് എക്സിലൂടെ വിമർശിച്ചിരുന്നു.

“ലോകജനസംഖ്യയുടെ ആറിൽ ഒന്ന് ഇന്ത്യയിലാണ്, എന്നാൽ ലോകത്തിലെ പ്രശ്നങ്ങളുടെ ആറിലൊന്ന് ഇവിടെയില്ല. ജനങ്ങളുടെ മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്ന ഒരു ഭരണഘടന നമുക്കുണ്ട്. നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് തുല്യമായ അവകാശങ്ങളുണ്ട്, അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്” - സിബി ജോർജ് പറഞ്ഞു.

ഡൽഹിയിൽ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് ഭാഷകളിലുമായി കുറഞ്ഞത് 200 ടിവി ചാനലുകളെങ്കിലും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യയുടെ വ്യാപ്തിയെക്കുറിച്ച് ആളുകൾക്ക് ഒരു ധാരണയുമില്ല. അവർക്ക് ഒന്നും അറിയില്ല. ഏതോ വിവരദോഷികളായ എൻജിഒകൾ പ്രസിദ്ധീകരിക്കുന്ന ഒന്നോ രണ്ടോ വാർത്താ റിപ്പോർട്ടുകൾ വായിച്ചിട്ട് അവർ വന്ന് ചോദ്യങ്ങൾ ചോദിക്കുകയാണ്” - അദ്ദേഹം കൂട്ടിച്ചേർത്തു.

“1947ൽ തന്നെ നമ്മുടെ സ്ത്രീകൾക്ക് നമ്മൾ വോട്ടവകാശം നൽകി. നമുക്ക് സ്വാതന്ത്ര്യം ലഭിച്ച ആദ്യ ദിവസം മുതൽ എല്ലാവർക്കും ഒരേപോലെ വോട്ടവകാശവും ലഭിച്ചു. ഞങ്ങൾ സമത്വത്തിൽ വിശ്വസിക്കുന്നു; ഞങ്ങൾ മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്നു. ആരുടെയെങ്കിലും അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവർക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഞങ്ങൾ അഭിമാനിക്കുന്നു” - സിബി ജോർജ് പറഞ്ഞു.

കോട്ടയം ജില്ലയിലെ പാലായിലുള്ള പൊടിമറ്റം കുടുംബാംഗമാണ് മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനായ സിബി ജോർജ്. നിലവിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) യായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം മുൻപ് ജപ്പാൻ, സ്വിറ്റ്സർലൻഡ്, കുവൈറ്റ് അടക്കം വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്.