Thanks for watching! Content unlocked for this session.

ടി.പി കേസ് തെളിയിച്ച സിംഹം വരുന്നു! ഗ്യാങ്മാന്മാരെ പൂട്ടാൻ സാക്ഷാൽ ഷൗക്കത്തലി

കേരള പോലീസിൽ പബ്ലിസിറ്റിയോ വലിയ ബഹളങ്ങളോ ഇല്ലാതെ വമ്പൻ സ്രാവുകളെ പോലും കൃത്യമായി കൂട്ടിലടച്ച ചരിത്രമുള്ള ഒരു പേരാണ് എസ് പി ഷൗക്കത്തലി. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും വലിയ കൊമ്പന്മാരായ രാഷ്ട്രീയക്കാർക്ക് പോലും ഇദ്ദേഹത്തിന്റെ ഡയറിയിൽ സ്വന്തം പേര് വീണാൽ നെഞ്ചിടിക്കും.

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കൊടുങ്കാറ്റായ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിലെ ഏറ്റവും മൂർച്ചയേറിയ ബുദ്ധിയായിരുന്നു അന്ന് ഡിവൈഎസ്പി ആയിരുന്ന ഷൗക്കത്തലി. ഒഞ്ചിയത്ത് വെച്ച് 51 വെട്ടുകളേറ്റ് വീണ വിപ്ലവകാരിയുടെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവന്നത് ഇദ്ദേഹമാണ്. എത്ര വലിയ രാഷ്ട്രീയ സമ്മർദങ്ങൾ ഉണ്ടായിട്ടും നട്ടല്ല് വളക്കാതെ പ്രതികളായ വമ്പന്മാരിലേക്ക് അന്വേഷണം നയിച്ചത് ഇദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളായിരുന്നു.

സാധാരണ പോലീസ് രീതികളിൽ നിന്നും മാറി തികച്ചും ശാസ്ത്രീയവും ഡിജിറ്റലുമായ തെളിവുകളെ കോർത്തിണക്കുന്നതിലാണ് ഷൗക്കത്തലിക്ക് പ്രത്യേക വൈദഗ്ധ്യം. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷനുകൾ, ഫോൺ റെക്കോർഡുകൾ, ഡിജിറ്റൽ ഫൂട്ടേജുകൾ എന്നിവ കൃത്യമായി വിശകലനം ചെയ്ത് പ്രതികൾക്ക് കോടതിയിൽ ഒരു പഴുതുപോലും നൽകാത്ത രീതിയിലാണ് ഇദ്ദേഹം കുറ്റപത്രം തയ്യാറാക്കുക.

ഇപ്പോൾ എസ്പി ആയിരിക്കുന്ന ഷൗക്കത്തലിയുടെ കൈകളിൽ എത്തിയിരിക്കുന്നത് നവകേരള സദസ്സിലെ മർദന കേസാണ്. മുൻ മുഖ്യമന്ത്രിയുടെ വിശ്വസ്തരായ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഈ കേസ് അന്വേഷിക്കാൻ 15 ദിവസത്തെ സമയം മാത്രമാണ് ലഭിച്ചിരിക്കുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് കാണിക്കേണ്ട വലിയ ഉത്തരവാദിത്വമാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ തോളിലുള്ളത്.