ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നിശ്ചയിച്ചതിലും നേരത്തെ നടത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി സൂചന. 2027 ഫെബ്രുവരിയിൽ നടക്കേണ്ട തെരഞ്ഞെടുപ്പുകൾ ഈ വർഷം (2026) നവംബർ അല്ലെങ്കിൽ ഡിസംബർ മാസങ്ങളിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ ദില്ലിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
രാജ്യത്ത് ഉടൻ ആരംഭിക്കാനിരിക്കുന്ന സെൻസസ് നടപടികൾക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ആലോചിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് കാരണവും വൈകിയ സെൻസസ് നടപടികൾ എത്രയും വേഗം പൂർത്തിയാക്കേണ്ടത് രാജ്യതാത്പര്യത്തിന് അനിവാര്യമാണ്. ലോക്സഭാ സീറ്റുകളുടെ പുനർനിർണയത്തിനും (ഡീലിമിറ്റേഷൻ) വനിതാ സംവരണ ബില്ലിന്റെ നടപ്പാക്കലിനും സെൻസസ് പൂർത്തിയാകേണ്ടതുണ്ട്. 2027-ൽ സെൻസസ് നടപടികൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനാലാണ് അതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കേന്ദ്രം ശ്രമിക്കുന്നത്.
ഈ അപ്രതീക്ഷിത നീക്കം മുന്നിൽക്കണ്ട് രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തന്നെ പ്രചാരണ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലും ആമാത്മീ പാർട്ടി ഭരിക്കുന്ന പഞ്ചാബിലുമാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ശേഷം യുപിയിൽ ഭരണം നിലനിർത്തുക എന്നത് ബിജെപിക്ക് വലിയ വെല്ലുവിളിയാണ്. അതേസമയം, എഎപിയിൽ നിന്നുള്ള നേതാക്കളുടെ കൂട്ടത്തോടെയുള്ള മാറ്റവും തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും പഞ്ചാബിൽ ബിജെപിക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.