Thanks for watching! Content unlocked for this session.

ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം; മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരത്ത് മന്ത്രി ടി. സിദ്ധീഖ് പങ്കെടുത്ത വാർത്താസമ്മേളനത്തിൽ കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ ശക്തമായ പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് മാധ്യമപ്രവർത്തകർ നിലപാടെടുത്തു. പ്രതിഷേധം ശക്തമായതോടെ ശ്രീറാം വെങ്കിട്ടരാമൻ വാർത്താസമ്മേളന ഹാളിൽ നിന്നും ഇറങ്ങിപ്പോകാൻ നിർബന്ധിതനായി.

നിയമസഭയിലെ മീഡിയ റൂമിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമൻ ഇരിക്കുന്നത് കണ്ടതോടെ മാധ്യമപ്രവർത്തകർ ഒരേ സ്വരത്തിൽ പ്രതിഷേധമുയർത്തുകയായിരുന്നു. മാധ്യമപ്രവർത്തകരെ അനുനയിപ്പിക്കാൻ മന്ത്രി ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന്, താൻ പൊയ്ക്കൊള്ളാമെന്നും പ്രതിഷേധം വേണ്ടെന്നും മന്ത്രിയോട് പറഞ്ഞ് ശ്രീറാം വെങ്കിട്ടരാമൻ വാർത്താസമ്മേളനത്തിൽ നിന്നും സ്വയം എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനുശേഷമാണ് മന്ത്രിയുടെ വാർത്താസമ്മേളനം നടന്നത്.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച അമിതവേഗതയിലുള്ള കാറിടിച്ച് മരിക്കുന്നത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന വഫാ ഫിറോസിനെ പിന്നീട് കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. കേസിൽ ജൂൺ ഒന്നിന് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഈ പുതിയ സംഭവം.